ക്ഷേത്രത്തിനുള്ളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്നത് അനാചാരം, തിരുത്തണം: സ്വാമി സച്ചിദാനന്ദ




തിരുവനന്തപുരം: മേല്‍വസ്ത്രം അഴിച്ച് ക്ഷേത്രത്തിനകത്ത് പ്രവേശിക്കണമെന്നുള്ളത് അനാചാരമാണെന്ന് ധര്‍മസംഘം ട്രസ്റ്റ് അധ്യക്ഷന്‍ സ്വാമി സച്ചിദാനന്ദ . പൂണൂല്‍ കാണുന്നതിന് വേണ്ടിയാണ് പണ്ടുകാലത്ത് ഈ സമ്പ്രദായം തുടങ്ങിയത്. പല ക്ഷേത്രങ്ങളിലും ഇപ്പോഴും ഈ നിബന്ധന തുടരുന്നുണ്ട്. അത് തിരുത്തണമെന്നാണ് ശ്രീനാരായണ സമൂഹത്തിന്റെ നിലപാടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. വര്‍ക്കല ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേല്‍വസ്ത്രമഴിക്കുന്നത് അനാചാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീനാരായണ ഗുരു ക്ഷേത്രങ്ങളില്‍ ഈ നിബന്ധന പാലിക്കുന്നില്ല. കാലാനുസൃതമായ മാറ്റം ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സ്വാമി പറഞ്ഞു.

സ്വാമിക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ നിലപാടിനെ പിന്തുണച്ചു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് മാത്രമേ കടക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. കാലാനുസൃതമായ മാറ്റം ആവശ്യമാണെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നു. ഇതൊരു വലിയ സാമൂഹിക ഇടപെടലാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ആരേയും നിര്‍ബന്ധിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
أحدث أقدم