കൊലക്കേസ് പ്രതിയെ കോടതിക്കു മുന്നില്‍വെച്ച് വെട്ടിക്കൊന്നു; നാല് പേര്‍ അറസ്റ്റില്‍




ചെന്നൈ: കോടതിയില്‍ ഹാജരാക്കാനെത്തിച്ച കൊലക്കേസിലെ പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്‌നാട് കീഴനത്തം സ്വദേശി മായാണ്ടി(25)യെയാണ് തിരുനെല്‍വേലി ജില്ലാകോടതിയുടെ കവാടത്തിനുമുന്നിലിട്ട് ഒരുസംഘം വെട്ടിക്കൊന്നത്.

സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. രാമകൃഷ്ണന്‍, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്. 2023ല്‍ കീഴനത്തം പഞ്ചായത്ത് മെമ്പറായിരുന്ന രാജാമണിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു കൊല്ലപ്പെട്ട മായാണ്ടി.

രാജാമണി കൊലക്കേസില്‍ അറസ്റ്റിലായ മായാണ്ടി പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഈ കേസില്‍ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലേക്കുവന്നത്. രാവിലെ 10.15-ഓടെ കോടതിയുടെ കവാടത്തിനുമുന്നില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വെട്ടിവീഴ്ത്തിയതിനുശേഷം സംഘം കടന്നുകളഞ്ഞു.

സംഭവസ്ഥലത്തുതന്നെ മായാണ്ടിയുടെ മരണം സംഭവിച്ചിരുന്നു. ഇതിനുമുന്‍പ് രണ്ടുതവണ മായണ്ടിക്കുനേരേ വധശ്രമമുണ്ടായിട്ടുണ്ട്. ദലിതരും മറ്റുജാതിയില്‍പ്പെട്ടവരും തമ്മിലുള്ള പ്രശ്‌നമാണ് രാജാമണിയുടെയും ഇപ്പോള്‍ മായാണ്ടിയുടെയും കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതപ്പെടുന്നത്.
أحدث أقدم