ട്യൂഷൻ ക്ലാസിൽ പീഡനം; പ്രതിയെടുത്ത ദൃശ്യങ്ങൾ കണ്ട് ഭാര്യ ജീവനൊടുക്കി; അധ്യാപകന് 111 വർഷം തടവ്


പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 111 വർഷം കഠിന തടവിന് വിധിച്ചത്. 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ജഡ്ജി ആർ രേഖയുടേതാണ് ഉത്തരവ്. കുട്ടിയുടെ സംരക്ഷകൻ ആകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.

2019 ജൂലൈ രണ്ടിനാണ് കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് കളവ് പറഞ്ഞാണ് കുട്ടിയെ വരുത്തിയത്. അന്ന് പ്രതി മൊബൈൽ ഫോണിൽ കുട്ടിയുടെ വീഡിയോ എടുത്തു. ഭയന്ന കുട്ടി പിന്നീടുള്ള ദിവസങ്ങളിൽ ട്യൂഷന് പോയിരുന്നില്ല.

എന്നാൽ വിവരമറിഞ്ഞ പ്രതിയുടെ ഭാര്യ കുട്ടിയെ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. പിന്നീട് അവർ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ പ്രതിയെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ ഫോർട്ട്‌ പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിന് ശേഷം പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയ പോലീസ് അതിൽ നിന്ന് വീഡിയോ കണ്ടെത്തി.

പീഡനം നടന്ന ദിവസം പ്രതി സ്ഥലത്തില്ലായിരുന്നു എന്ന് വരുത്തിതീർക്കാൻ ഓഫീസ് റജിസ്റ്ററിൽ ഒപ്പിട്ട രേഖകളും ഹാജരാക്കി. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോൺ രേഖകൾ ഇത് പൊളിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർഎസ് വിജയ് മോഹൻ, ആർവൈ അഖിലേഷ് എന്നിവർ ഹാജരായി. ഫോർട്ട്‌ പോലീസ് ഇൻസ്‌പെക്ടർമാരായ എകെ ഷെറി, കെആർ ബിജു, ജെ രാകേഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.


أحدث أقدم