19 വർഷം, ഒരു കല്യാണ ഫോട്ടൊ, പിന്നെ എഐ: സിബിഐ ഏറ്റെടുത്ത കേസിൽ പ്രതികളെ പിടിച്ചത് കേരള പൊലീസ് !! ക്രൂര കൊലപാതകം നടന്ന് 19 വർഷങ്ങൾക്കു ശേഷം കേരള പൊലീസിന്‍റെ ബുദ്ധിപരമായ നീക്കത്തിൽ ആ രണ്ട് കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. എല്ലാം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ




കൊല്ലം : 2006 ഫെബ്രുവരിയിലാണ് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച ആ കൊലപാതകമുണ്ടായത്. കൊല്ലം അഞ്ചലിൽ അമ്മയെയും അവരുടെ 17 ദിവസം മാത്രം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പഞ്ചായത്ത് ഓഫിസിൽ നിന്ന് തിരിച്ചെത്തിയ ശാന്തമ്മ, തന്‍റെ മകൾ രഞ്ജിനിയും ഇരട്ടക്കുട്ടികളും സ്വന്തം വീട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്.

അന്ന് ഉദ്യോഗസ്ഥർ അന്വേഷണം അവസാനിപ്പിച്ചത് പഠാൻകോട്ട് സൈനിക താവളത്തിലുള്ള സൈനിക ഉദ്യോഗസ്ഥരായ ദിവിൽ കുമാർ, രാജേഷ് എന്നീ രണ്ട് പേരുകളിലേക്കായിരുന്നു. ഉദ്യോഗസ്ഥർ തിരിഞ്ഞും മറിഞ്ഞും അന്വേഷണം നടത്തിയെങ്കിലും ഇവരെ അന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

ഇപ്പോൾ, ആ ക്രൂര കൊലപാതകം നടന്ന് 19 വർഷങ്ങൾക്കു ശേഷം കേരള പൊലീസിന്‍റെ ബുദ്ധിപരമായ നീക്കത്തിൽ ആ രണ്ട് കുറ്റവാളികളെയും അറസ്റ്റ് ചെയ്തു. എല്ലാം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ..!!!

എന്താണ് 2006ൽ സംഭവിച്ചത്?
കൊല്ലപ്പെട്ട രഞ്‌ജിനിയും അയൽവാസിയായ ദിവിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. ദിവിൽ പട്ടാളത്തിലായിരുന്നു. അവിവാഹിതയായ രഞ്‌ജിനി ഗർഭിണിയായ ശേഷം ദിവിൽ കുമാർ നാടുവിട്ടു. ഇതു പിന്നീട് വലിയ ഒച്ചപ്പാടുകൾക്കു വഴിവച്ചു. ദിവിൽ പിതൃത്വം അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഇതിനിടെ രഞ്ജിനിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ദിവിലിന്‍റെ സുഹൃത്ത് 'അനിൽ കുമാർ' എന്ന പേരിൽ രാജേഷ് പരിചയം സ്ഥാപിച്ചു. ആശുപത്രി ചെലവുകളടക്കം നോക്കിയത് ഇയാളായിരുന്നു.

രഞ്‌ജിനി ഗർഭിണിയായതിനെ തുടർന്ന് വനിതാ കമ്മിഷനിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ ദിവിൽ കുമാറിനോട് ഡിഎൻഎ ടെസ്‌റ്റിന് ഹാജരാകാൻ നിർദേശിച്ചു. ഇതിനിടയിൽ രാജേഷും ദിവിലും രഞ്ജിനിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി. രഞ്ജിനിയുടെ അമ്മ പഞ്ചായത്ത് ഓഫീസിൽ പോയ സമയം നോക്കി രഞ്‌ജിനിയെയും നവജാത ഇരട്ടകളെയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു പ്രതികൾ.

കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ ഒരു ഇരുചക്ര വാഹനത്തിന്‍റെ രജിസ്ട്രേഷൻ നമ്പർ പൊലീസിനെ പഠാൻകോട്ടിലെ ഒരു സൈനിക ക്യാംപിലേത്തിച്ചു. പക്ഷേ, പ്രതി ഇതിനകം തന്നെ രക്ഷപെട്ടിരുന്നു.

ദിവിൽ കുമാർ, രാജേഷ് എന്നിവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ
ദിവിൽ കുമാർ, രാജേഷ് എന്നിവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ

കേരള പൊലീസിന്‍റെ ബുദ്ധി !!
ആദ്യം ക്രൈംബ്രാ‍ഞ്ചും പിന്നീട് 2008 ൽ സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. പിന്നീട് 2023 ൽ കേരളാ പൊലീസ് ഈ കേസ് ഫയൽ വീണ്ടും തുറന്നു. കേരള പൊലീസിന്‍റെ ടെക്നിക്കൽ ഇന്‍റലിജൻസ് വിഭാഗം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ കേസ് പുനപ്പരിശോധിക്കാൻ തുടങ്ങി. 19 വർഷങ്ങൾക്കു ശേഷം രഞ്ജിനിയുടെ കൊലയാളികൾ എങ്ങനെയിരിക്കുമെന്ന ഒരു ഏകദേശ രൂപം സൃഷ്ടിച്ച് രണ്ട് പ്രതികളുടെയും ഫോട്ടോഗ്രാഫുകൾ പൊലീസ് തയാറാക്കി. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിലെ ഫോട്ടോകളുമായി താരതമ്യം ചെയ്യാനും തുടങ്ങി.
ഒടുവിൽ ദീർഘമായി അരിച്ചുപെറുക്കലിനു ശേഷം ഒരു വിവാഹ ഫോട്ടോ വഴിത്തിരിവായി! പുതുച്ചേരിയിൽ താമസിച്ചിരുന്ന ഒരാൾക്ക് പ്രതി രാജേഷുമായി 90% സാമ്യം കണ്ടെത്തി. ഇതു രാജേഷ് തന്നെയെന്ന് സ്ഥിരീകരിച്ച ശേഷം ഇയാളുടെ സഹായത്തോടെ കൂട്ടുപ്രതി ദിവിലിനെയും പൊലീസ് കണ്ടെത്തി.

കുറ്റകൃത്യം നടന്ന് ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ജനുവരി 4 ന് പുതുച്ചേരിയിൽ വച്ച് രണ്ടു പേരെയും സിബിഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, വിഷ്ണു, പ്രവീൺ കുമാർ എന്നീ പുതിയ പേരുകളിൽ ഇന്‍റീരിയർ ഡിസൈനർമാരായി താമസിക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
أحدث أقدم