സംസ്ഥാന സ്‌കൂൾ കലോത്സവം: 2 ദിവസങ്ങളിലായി 5 നേരം കൊണ്ട് ഭക്ഷണം കഴിച്ചത് 47,000ത്തോളം പേർ...



തലസ്ഥാന നഗരിയാകെ ഉത്സവലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻജനപങ്കാളിത്തത്തോടെ മുന്നേറുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പ്രധാന വേദിയായ എം ടി നിളയിൽ മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തത് മുതൽ ഇതുവരെ വിവിധ മത്സരങ്ങൾ നടക്കുന്ന 25 വേദികളിലും മികച്ച പങ്കാളിത്തമാണ് കാണുന്നത്. ഉദ്ഘാടനസമ്മേളനത്തിൽ മാത്രം പതിനയ്യായിരം പേർ പങ്കെടുത്തു.  

തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന കബനി എന്ന് പേരിട്ട നിശാഗന്ധിയിൽ നിരവധി ആസ്വാദകരാണ് ഇന്ന് എത്തിയത്. നാടക മത്സരം നടക്കുന്ന ടാഗോർ തിയറ്ററിലും വലിയ ആൾക്കൂട്ടമെത്തുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ തിയേറ്റർ നിറഞ്ഞു കവിഞ്ഞു. നാടകത്തിന്‍റെ സമയക്രമം പാലിക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

ഒൻപതരയ്ക്കു തുടങ്ങാൻ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങൾ ഒൻപതരയ്ക്കും പത്തുമണിക്കും ഇടയിൽ തുടങ്ങാനായത് വിജയമാണെന്ന് കാണുന്നു. സ്‌കൂൾ തലം മുതൽ സംസ്ഥാന തലം വരെ പത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന മേളയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. ആറുമാസത്തോളം നീളുന്ന പരിശീലനങ്ങളും തയാറെടുപ്പുകളുമാണ് ഓരോ മത്സരത്തിന്റെയും പിന്നിലുള്ളത്. ഓരോ സ്‌കൂളും മത്സരബുദ്ധിയോടെയാണ് വിദ്യാർത്ഥികളെ ഇതിനായി തയ്യാറെടുപ്പിക്കുന്നത്. അത്തരം ഘട്ടങ്ങളിൽ ചില കുട്ടികൾക്കെങ്കിലും അത് സാമ്പത്തിക ബാധ്യതയായി തീരുന്നുണ്ട്. കലാപരമായി ഉയർന്ന നിലവാരം പുലർത്തുന്ന കുട്ടികൾ സാമ്പത്തികമായി പിന്നാക്കം ആയതിനാൽ ഒരുതരത്തിലും വിവേചനം അനുഭവിക്കാൻ പാടില്ല. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും അനാവശ്യ ധാരാളിത്തം ഒരിടത്തും ഇല്ലാതിരിക്കാനും അധ്യാപകർ മുൻകൈ എടുക്കേണ്ടതുണ്ട്. 
أحدث أقدم