ബിഷപ്പ് ഹൗസ് സംഘർഷത്തിൽ 3 കേസുകൾ കൂടി… 21 വൈദികർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് പുതിയ കേസുകൾ.



കുർബാന തർക്കത്തിന്റെ പേരിൽ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനമായ കൊച്ചിയിലെ മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ അതിക്രമിച്ച്‌ കയറി സംഘർഷമുണ്ടാക്കിയതിൽ വൈദികർക്കെതിരെ 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് വൈദികർക്കെതിരെ പുതിയ കേസുകൾ. നാശനഷ്ടങ്ങളുണ്ടാക്കിയതിന് 21 വൈദികർക്കെതിരെ കേസെടുത്തു. എസ്ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ചതിന് 20 വൈദികർക്കെതിരെയും കേസെടുത്തു. വഴി തടഞ്ഞ് സമരം ചെയ്തതിനും കേസുണ്ട്. ഇതോടെ ബിഷപ്പ് ഹൌസ് സംഘർഷത്തിൽ മൊത്തം നാല് കേസുകളാണ് വൈദികർക്കെതിരെ രജിസ്റ്റർ ചെയ്തത്.

അതേ സമയം പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രാവിലെ ചർച്ച നടത്തും. കളക്ടർ ചേമ്പറിൽ നടക്കുന്ന ചർച്ചയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

കൊച്ചിയിലെ എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്കാണ്. മൂന്ന് ദിവസമായി ബിഷപ്പ് ഹൗസിന് മുന്നിൽ പ്രാർത്ഥനാ യജ്ഞവുമായ പ്രതിഷേധിച്ച വൈദികർക്കെതിരെ പുലർച്ചെ പൊലീസ് നടപടിയുണ്ടായി. വൈദികരെ ബലം പ്രയോഗിച്ചു അരമനയ്ക്ക് പുറത്തേക്ക് മാറ്റി. ഇതിനിടെ വൈദികരുടെ ളോഹ പോലീസ് വലിച്ച് കീറിയെന്ന് വിഘടിത വിഭാഗം ആരോപിച്ചു. വൈദികരെ പൊലീസ് വലിച്ചു കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പൊലീസ് നടപടിക്കിടെ പരിക്കേറ്റവർ അടക്കം 21 വൈദികരും ബിഷപ്പ് ഹൗസിനടുത്തുള്ള സെന്റ് മേരിസ് ബസലിക്ക പള്ളിയുടെ മുറ്റത് നിലയുറപിച്ചു. ഇവർക്ക് പിന്തുണയുമായി മറ്റ് വൈദികരും വിശ്വാസികളും എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.
21 വൈദികർക്കെതിരെയും പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു. നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞു വക്കൽ, അപായപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ആദ്യം പൊലസ് കേസെടുത്തത്. 6 വൈദികരെ സിനഡ് സസ്പെൻഡ് ചെയ്തു. പിന്നാലെ അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ സ്ഥാനമൊഴിയുന്നുവെന്ന ബോസ്കോ പുത്തൂരിന്റെ പ്രഖ്യാപനം. മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി നിലവിലെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാമ്പ്ലാനിക്ക് ചുമതല നൽകി.
أحدث أقدم