അഹമ്മദാബാദ്: അമ്മയുമായി അവിശുദ്ധ ബന്ധം പുലർത്തിയെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ഗാന്ധി നഗറിലെ താമസക്കാരായ സഞ്ജയ് താക്കൂർ (27), ജയേഷ് താക്കൂര്‍ (23) എന്നിവരാണ് അറസ്റ്റിലായത്. രത്തൻജി താക്കൂർ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. സഞ്ജയുടെയും ജയേഷിന്റെ അമ്മയുമായി കഴിഞ്ഞ 15 വർഷമായി രത്തൻജിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതു മൂലം കുടുംബത്തിന്റെ പേര് മോശമായെന്നും മരിച്ചു പോയ പിതാവ് അപമാനിക്കപ്പെടുന്നുവെന്നും മക്കൾ ആരോപിച്ചിരുന്നു. അമ്മയുമായി അടുപ്പം പുലർത്തരുതെന്ന് പല തവണ ഇരുവരും രത്തൻജിയോട് ആവശ്യപ്പെട്ടിരുന്നു. രത്തൻജി ഇരുവരുടെയും വാക്കുകൾ വില വയ്ക്കാഞ്ഞതിനാൽ സമുദായത്തിലെ മുതിർന്നവരെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും രത്തൻജി അമ്മയുമായി ബന്ധം പുലർത്തിയതോടെയാണ് മക്കൾ അക്രമാസക്തരായത്.
ഞായറാഴ്ച ഗ്രാമത്തിൽ വീടു നിർമാണത്തിൽ ഏർപ്പെട്ടു കൊണ്ടിരുന്ന രത്തൻജിക്ക് അടുത്തേക്ക് കത്തിയും വടിയുമായി ഇരുവരും പാഞ്ഞടുക്കുകയായിരുന്നു. ജയേഷ് രത്തൻജിയെ പിടിച്ചു നിർത്തുകയും സഞ്ജയ് വയറ്റിൽ തുടരെ തുടരെ കുത്തുകയുമായിരുന്നു.
മരണപ്പെട്ട രത്തൻജിയുടെ കുടൽമാല പുറത്തെടുത്ത് എറിഞ്ഞതായും ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. രത്തൻജിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചവരെയും പ്രതികൾ തടഞ്ഞു. സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്ത് പൊലീസ് പിടി കൂടി.