കോതമംഗലം: 3.25 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പേർ പിടിയിൽ. സഖ്ലൈൻ മുസ്താഖ് (25), നഹറുൽ മണ്ഡൽ (24) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
അന്തർ സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിപണിയിൽ രണ്ട് ലക്ഷം രൂപയിലേറെ വിലമതിക്കുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും വിദ്യാർഥികൾക്കിടയിലും കച്ചവടം നടത്തി വന്നിരുന്ന സംഘമാണ് പിടിയിലായത്.
പ്രിവന്റീവ് ഓഫിസർ സാബു കുര്യാക്കോസ്, പി.ബി. ലിബു, എം.ടി. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ സോബിൻ ജോസ്, പി.വി. വികാന്ത്, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എ. ഫൗസിയ, കെ.എ. റെൻസി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.