"തിരുവിതാംകൂർ ദേവസ്വം ബോർഡിന് 78 വയസാകുന്നു. ഞാൻ ശബരിമലയിൽ എത്താൻ തുടങ്ങിയിട്ട് 50 വർഷം കഴിഞ്ഞു. എന്റെ അയ്യപ്പൻ എന്ന് സ്വകാര്യ അഹങ്കാരത്തോടെ ഞാൻ പറയും. കാരണം, കഴിഞ്ഞ ഏതാനും വർഷങ്ങളായി എന്റെ എല്ലാ വളർച്ചയിലും അയ്യപ്പനുണ്ടായിരുന്നു.
ഒരു വർഷത്തെ സകലപാപങ്ങളും ഇറക്കി വയ്‌ക്കാനുള്ളൊരു സ്ഥലമാണ് അയ്യപ്പനെ കാണുക എന്ന് പറയുന്നത്. സ്വാമിയേ ശരണമയ്യപ്പാ എന്ന വിളിയിൽ നിന്ന് ഭക്തന് കിട്ടുന്ന സംതൃപ്തി പറഞ്ഞറിയാക്കാൻ കഴിയാത്തൊരു അനുഭൂതിയാണ്”.
തലമുറകൾ താണ്ടി വരുന്നൊരു സംസ്കാരമാണ് ശബരിമല യാത്ര. മലകൾ ചവിട്ടി അയ്യപ്പനെ കാണുന്ന അച്ഛന്റെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. അതിന് ശേഷം അച്ഛന്റെ കയ്യിൽ തൂങ്ങി ഞാനും മല ചവിട്ടാൻ തുടങ്ങി. മക്കളുമായും ഭാര്യയുമായും എത്തി അയ്യനെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും ജയറാം പറഞ്ഞു.
ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന പമ്പ സംഗമത്തിലെ മുഖ്യ അതിഥിയായിരുന്നു ജയറാം. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നുന്ന മുഹൂർത്തങ്ങളിൽ ഒന്നാണ് ഈ നിമിഷമെന്നും അയ്യപ്പഭക്തനായ തനിക്ക് കിട്ടിയ മഹാഭാഗ്യമാണ് ഇതെന്നുമാണ് പമ്പ സംഗമത്തിൽ പങ്കെടുത്ത ശേഷം ജയറാം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.