മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും അടിയേറ്റതിന്റെ പാടുകളും നെഞ്ചെല്ല് തകർന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസമാണ് നിട്ടാറമ്പിലെ വീട്ടിൽ നിർമലയേയും മകനേയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടായിരുന്നു. വീട്ടിൽ ആളനക്കമില്ലാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചപ്പോഴാണ് ഇരുവരും മരിച്ച വിവരം പുറത്തറിയുന്നത്. മദ്യപിച്ചെത്തി സുമേഷ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇടുക്കിയിൽ കെഎസ്ഇബി ലൈൻമാനായി ജോലി ചെയ്യുന്ന സുമേഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടേയും മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.