കുഴൽമന്ദത്തെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പ്രമോദ് സുഹൃത്ത് കഞ്ചിക്കോട് സന്ദീപിന് 25000 രൂപ വായ്പയെടുത്ത് നൽകിയിരുന്നു. വായ്പാ ഈടായി പ്രമോദിന്റെ ആർസി ബുക്കും സന്ദീപിന്റെ രണ്ട് ചെക്ക് ലീഫുമാണ് നൽകിയത്. പലിശയിനത്തിൽ കുറച്ച് തുക സന്ദീപ് നൽകി. എന്നാൽ നാല് മാസം മുമ്പ് സന്ദീപ് മരിച്ചു.
വായ്പാതുക തിരിച്ച് ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിന് ഫിനാൻസ് ഉടമയും സംഘവും പ്രമോദിന്റെ വീട്ടിലെത്തി ഭാര്യയെയും മകളെയും ഭീഷണിപ്പെടുത്തുകയും വീടിന്റെ മുൻവശത്തുണ്ടായിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് പ്രമേദും ധനകാര്യ സ്ഥാപനത്തിലെ ഉടമയും തമ്മിൽ തർക്കത്തിലായി.
ഇതിന് പിന്നാലെ ഫിനാൻസ് ഉടമ പ്രമോദിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നാണ് പരാതി. രക്ഷപ്പെടാൻ വേണ്ടി പ്രമോദ് കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. പ്രമോദിനെയും വഹിച്ച് കാർ 150 മീറ്ററോളം മുന്നോട്ട് പോയി. ഇതിനിടെ പ്രമോദ് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുഴൽമന്ദം പൊലീസ് കേസെടുത്തിട്ടുണ്ട്.