ചാലക്കുടി അതിരപ്പള്ളി ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി വന്‍ കൃഷിനാശം വരുത്തി. കോടശേരി, പരിയാരം, അതിരപ്പിള്ളി പഞ്ചായത്തുകളില്‍പെട്ട വെട്ടിക്കുഴി, ചായ്പന്‍കുഴി, പീലാര്‍മുഴി, ചൂളക്കടവ് മേഖലകളിലാണ് തിങ്കള്‍ പകല്‍ കാട്ടാനയിറങ്ങിയത്. കോട്ടാമല ഭാഗത്ത് കാട്ടാനകൂട്ടം തമ്പടിച്ചിരിക്കുകയാണ്.
നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആനയെ അകറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒറ്റയാന്‍ ജനവാസ മേഖലയിലെത്തിയത്. വെട്ടിക്കുഴിയില്‍നിന്നും ചായ്പന്‍കുഴി വഴി ജനവാസ മേഖലയിലെത്തിയ ആനകൂട്ടത്തില്‍ ഏഴാറ്റുമുഖം ഗണപതിയെന്ന ആനയും ഉണ്ടായിരുന്നു. ചായ്പന്‍കുഴിയിലെ തട്ടില്‍ റോസയുടെ വീടിൻ്റെ ഗേറ്റ് തള്ളിതുറന്ന് അകത്ത് കയറിയ ആന വാഴകൃഷി നശിപ്പിച്ചു. കരിപ്പായി ജോസ്, പീലാര്‍മുഴി തറയില്‍ പുഷ്പാകരന്‍, വെട്ടിക്കുഴി യൂജിന്‍ മോറേലി തുടങ്ങിയവരുടെ കൃഷിയിടത്തില്‍ കയറി കാര്‍ഷിക വിളകള്‍ നശിപ്പിച്ചു.
നേരത്തെ കോടശ്ശേരിയിലെ കോര്‍മലയിലും ആനകൂട്ടമെത്തി നാശനഷ്ടങ്ങള്‍ വരുത്തിയരുന്നു. വെള്ളത്തിന് ബുദ്ധിമുട്ടുള്ള മേഖലയില്‍ മലയോര കര്‍ഷകര്‍ വെള്ളം ചുമന്ന് കൊണ്ടുവന്ന് നട്ടുവളര്‍ത്തിയ കാര്‍ഷിക വിളകളാണ് കൂടുതലായും നശിപ്പിച്ചത്.