‘പ്രതിസന്ധിഘട്ടത്തിൽ സിപിഎം കൂടെ നിന്നില്ല’..കലാ രാജു പാർട്ടി ഓഫീസിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം…



കൗൺസിലർ കലാ രാജു പാർട്ടി ഓഫീസിലെത്തിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. സിപിഎം ഏരിയ കമ്മറ്റി ഓഫീസിൽ ഇരുന്ന് സംസാരിക്കുന്ന കൂടുതൽ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിസന്ധിഘട്ടത്തിൽ സിപിഎം കൂടെ നിന്നില്ല, സാമ്പത്തിക ബാധ്യത അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി കലാ രാജുവിന്റെ സംഭാഷണത്തിലുണ്ട്. 

കലാ രാജു ഏരിയ കമ്മിറ്റി ഓഫീസിലെത്തിയത് മുതലുള്ള മുഴുവൻ ദൃശ്യങ്ങളും റെക്കോർഡ് ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിൽ കൗൺസിലർമാർ ഉൾപ്പെടെയിരുന്ന് സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂറുമാറ്റവുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നായിരുന്നു തുടക്കം മുതൽ തന്നെ സിപിഎമ്മിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കഴിഞ്ഞ ദിവസം ഏരിയ സെക്രട്ടറി പി.ബി രതീഷ് പറഞ്ഞിരുന്നു. കൂറുമാറാൻ കലാ രാജുവിന് കോൺഗ്രസ് സാമ്പത്തിക സഹായം നൽകി എന്നായിരുന്നു സിപിഎം ആരോപണം. സിപിഎമ്മിന്റെ ഫേസ്ബുക്ക് പേജ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലാണ് വീഡിയോ പ്രചരിക്കുന്നത്.   

കലാ രാജുവും മക്കളും യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും വലയിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആരോപിച്ചിരുന്നു. കോൺഗ്രസ് പണം വാഗ്ദാനം ചെയ്തെന്ന് കലാ രാജു പറഞ്ഞതായി ഏരിയ സെക്രട്ടറി പി.ബി രതീഷും പറഞ്ഞിരുന്നു. കോൺഗ്രസിനും മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് ഷിയാസിനുമെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം ഉന്നയിച്ചത്. കലാ രാജുവിനെ കൂറുമാറുമെന്ന ഭീതിയിൽ സിപിഎം നേതാക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി ത‍ടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.


أحدث أقدم