ചിത്രലേഖ മരിച്ചിട്ടും തീരാതെ പക; ഭര്‍ത്താവിനെ വീട്ടില്‍ കയറി അക്രമിസംഘം ക്രൂരമായി മര്‍ദ്ദിച്ചു



കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രലേഖയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ അക്രമി സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. വാതിലില്‍ മുട്ടു കേട്ട് തുറന്നയുടനെ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീഷ്‌കാന്തിനെ ആശുപത്രിയിലെത്തിച്ചത്.

കമ്പിപ്പാര കൊണ്ട് അടിയും കുത്തുമേറ്റതിനെത്തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ശ്രീഷ്‌കാന്ത് ആരോപിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗണ്‍ പെര്‍മിറ്റ് മകല്‍ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് ആര്‍ടിഒ അധികൃതര്‍ മാറ്റി നല്‍കിയത്.
أحدث أقدم