ഹണി റോസിന്റെ പരാതി.. രാഹുലിന് തിരിച്ചടി.. പരാതിയിൽ അറസ്റ്റ് തടയാതെ ഹൈക്കോടതി


നടി ഹണി റോസ് നൽകിയ പരാതിയ്ക്ക് പിന്നാലെ രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് തേടി ഹൈക്കോടതി. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരി​ഗണിക്കാനായി മാറ്റി വച്ചു. അതിനു മുൻപ് പൊലീസ് വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നു വ്യക്തമാക്കിയാണ് ഹണി റോസ് രാഹുൽ ഈശ്വറിനെതിരെ പരാതി നൽകിയത്.

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വറിൻ്റെ വാദം.അതേസമയം രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞില്ല. എറണാകുളം സെൻട്രൽ പൊലീസിലാണ് ഹണി റോസ് പരാതി നൽകിയത്.
ഹണി റോസിന്റെ പരാതിയിൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ലെന്നു രാഹുലിന്റെ അഭിഭാഷകൻ അറിയിച്ചു. പരാതിയിൽ അറസ്റ്റ് മുന്നിൽ കണ്ടാണ് ഹർജിയെന്നും അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് കോടതി ഹർജി ഫയലിൽ സ്വീകരിച്ചത്.
أحدث أقدم