കണ്ണൂർ സ്കൂൾ ബസ് അപകടത്തില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂൾ ബസുകൾക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നൽകി. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി. സ്കൂൾ മാനേജ്മെൻ്റിൻ്റെ ആവശ്യ പ്രകാരം നീട്ടി നൽകാനായിരുന്നു മന്ത്രിയുടെ നിർദ്ദേശം. പ്രവൃത്തി ദിവസങ്ങളിൽ ഫിറ്റ്നസ് പരിശോധന നടത്തിയാൽ സർവ്വീസ് മുടങ്ങുമെന്നായിരുന്നു സ്കൂളുകളുടെ പരാതി. ഇതിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ഗതാഗത വകുപ്പിൻ്റെ നടപടി ചട്ടവിരുദ്ധമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. വാഹനങ്ങളുടെ ഫിറ്റ്നസ് നീട്ടി നൽകാൻ കേന്ദ്ര സർക്കാരിന് മാത്രമാണ് അധികാരം. ഫിറ്റ്നസ് നീട്ടി നൽകാൻ മന്ത്രിക്കോ ഗതാഗത കമ്മീഷണർക്കോ അധികാരമില്ലാതിക്കെയാണ് നീട്ടി നൽകിയത്. ഫിറ്റ്നസ് കഴിഞ്ഞ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസും ലഭിക്കില്ലെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ ബസിന് ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറിൽ തീര്‍ന്നതാണെന്നുമാണ് ഡ്രൈവര്‍ നിസാം ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.