തന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പരാതി നല്‍കി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ.ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ വിവരം ദിവ്യ ഫേസ്ബുക്കിലൂടെ പങ്കിട്ടത്. കമന്റിട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് പോസ്റ്റ്.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വര്‍ധിക്കുകയാണ്. എല്ലാ മേഖലയിലുമുണ്ടാകുന്ന സ്ത്രീകളുടെ കടന്നുവരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അവരുടെ സ്വാതന്ത്ര്യത്തില്‍ അസ്വസ്ഥമാകുന്ന ഒരു വലിയ വിഭാഗമുണ്ടെന്നും ദിവ്യ പറഞ്ഞു.അശ്ലീല കമന്റിട്ട വ്യക്തിയുടെ അഡ്രസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ദിവ്യ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയാള്‍ക്കെതിരെ പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി.
“സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ധിക്കുകയാണ്. സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലര്‍ക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്.അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അത് തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്. അശ്ലീല കഥകളുണ്ടാക്കി ഓണ്‍ലൈന്‍ ചാനല്‍ വഴി പണമുണ്ടാക്കുന്ന കുറെയെണ്ണം വേറെ. വയറ്റ് പിഴപ്പിന് എന്തൊക്കെ മാര്‍ഗ്ഗമുണ്ട്. അന്തസ്സുള്ള വല്ല പണിക്കും പോയി മക്കള്‍ളുടെ വയറു നിറക്ക്. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ,” എന്നാണ് ദിവ്യ ഫേസ്ബുക്കില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നത്.
മകള്‍ക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് ദിവ്യ പങ്കിട്ട പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുകളെത്തിയത്. “നിന്റെ മകളെ റേപ്പ് ചെയ്ത് കൊല്ലണം, ഇവളും ആത്മഹത്യ ചെയ്യും, അവളുടെ ഒരു പിഴച്ച മോള്, നീ നിന്റെ ഡിഎന്‍എ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. നിനക്ക് എത്ര തന്തമാര്‍ ഉണ്ടെന്ന് അപ്പോള്‍ അറിയാം. ഇനി നീ പ്രസവിച്ച നിന്റെ മോള്‍ക്ക് എത്ര തന്തമാര്‍ ഉണ്ടോ ആവോ. അതിന് നിനക്ക് നിന്റെ പിഴച്ച തള്ളയുടെ പാരമ്ബര്യ ഉണ്ടല്ലോ,” തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെയെത്തിയത്.
പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതേസമയം, പെരിയ കൊലപാതകക്കേസിലെ പ്രതികളെ പി പി ദിവ്യയും പി കെ ശ്രീമതിയും ജയിലില്‍ സന്ദര്‍ശിച്ചതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയായിരുന്നു പി പി ദിവ്യയുടെയും പി കെ ശ്രീമതിയുടെയും ജയില്‍ സന്ദര്‍ശനം. പ്രതികളെ സിപിഎം നേതാക്കള്‍ നേരത്തെ ജയിലില്‍ വന്ന് കണ്ടതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൂടിയായിരുന്നു ഇവരുടെ സന്ദര്‍ശനം.സന്ദര്‍ശനം തികച്ചും മനുഷ്യത്വപരമായ കാര്യമാണെന്നും ശിക്ഷാവിധി മരവിപ്പിച്ച ഹൈക്കോടതിയുടെ ഉത്തരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതാണെന്നും പി കെ ശ്രീമതി പറഞ്ഞു.