കാരവനിനുള്ളിൽ യുവാക്കൾ മരിച്ച സംഭവം…ശാസ്ത്രീയ പരിശോധന തുടങ്ങി…



കോഴിക്കോട് : വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ ശാസ്ത്രീയ പരിശോധന തുടങ്ങി. വിഷവാതകമായ കാർബൺ മോണോക്സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. പൊലീസിനൊപ്പം എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ പങ്കെടുക്കുക. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കാരവാനിൽ ഘടിപ്പിച്ചിരുന്ന ജനറേറ്ററിൽ നിന്നാവാം വിഷവാതകം വന്നതെന്നാണ് നിഗമനം. ഇതെങ്ങിനെ കാരവാനിനകത്ത് എത്തിയെന്ന് കണ്ടെത്താനാണ് പരിശോധന.

മലപ്പുറം വണ്ടൂർ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം കാരവാനിലുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 23 നായിരുന്നു സംഭവം. ഒരു രാത്രിയും പകലുമാണ് ആരുമറിയാതെ ദേശീയ പാതയോരത്ത് നഗര മധ്യത്തിൽ വാഹനത്തിനകത്ത് രണ്ട് യുവാക്കാൾ മരിച്ച് കിടന്നത്. വിവാഹ സംഘവുമായിട്ടാണ് ഇരുവരും കണ്ണൂരില്‍ എത്തുന്നത്. രാത്രിയോടെ മടങ്ങിയെത്തി. രാത്രി 12 മണിയോടെ വടകര കരിമ്പനപാലത്തിനടുത്ത് വാഹനം നിർത്തി. എസിയിട്ട് വാഹനത്തിനുള്ളില്‍ വിശ്രമിച്ചു. അടുത്ത ദിവസമായിട്ടും തിരിച്ചെത്താതിരുന്നതോടെ വാഹന ഉടമകൾ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറിയുന്നത്.
أحدث أقدم