സ്വർണത്തിന് തൂക്കംകൂട്ടാൻ മെഴുകും ചെമ്പും, പണയം തിരിച്ചെടുക്കില്ല; നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്മെഴുക് നിറച്ച സ്വർണാഭരണം തിരിച്ചറിണമെങ്കിൽ ഫൊറൻസിക് ലാബുകളിലെ പരിശോധന വേണം തട്ടിപ്പിൻ്റെ പുതിയ മുഖം അറിയാം


കോട്ടയം : കണ്ടാൽ അസ്സൽ സ്വർണം. തൂക്കിയാലും മെഷീൻ വച്ചാലും 916. എന്നാൽ തൂക്കം കിട്ടാൻ ഉള്ളിൽ നിറയ്ക്കുന്നത് മെഴുക് (വാക്സ്). ഫൊറൻസിക് ലാബുകളിലെ പരിശോധനയിലാണ് ഇത്തരം സ്വർണം കണ്ടെത്തിയത്. തൂക്കം കൂട്ടാൻ ചെമ്പുമുതൽ മെഴുകുവരെ ഉപയോഗിച്ചുള്ള കബളിപ്പിക്കൽ ഏറുന്നു.


മൂന്നുപവന്റെ നല്ല ഡിസൈൻ മാല പണയംവച്ച് ബാങ്കിൽനിന്ന് പരമാവധി തുക വാങ്ങി. എന്നാൽ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുത്തില്ല. സംശയം പരാതിയായി. ഫൊറൻസിക് ലാബിലെ പരിശോധനയിൽ മൂന്നുപവൻ സ്വർണത്തിൽ രണ്ടുപവൻതൂക്കം മെഴുകാണെന്ന് കണ്ടെത്തി. ഇത്തരത്തിൽ ഒട്ടേറെ കേസുകളാണ് ലാബുകളിലെത്തുന്നത്.

ഇഷ്ടമുള്ള ഡിസൈനുകളിൽ ഇപ്പോൾ വാക്സ് ഗോൾഡ് ലഭിക്കുന്നുണ്ട്. 916 സ്വർണത്തിൽ തീർത്ത പകിട്ടുള്ള ഡിസൈനുകൾക്ക് അകത്ത് മെഴുക് നിറച്ചാണ് തയ്യാറാക്കുന്നത്. വാക്സ് ഗോൾഡിന് ആവശ്യക്കാരുമുണ്ട്.


പണയം വെക്കുന്നവർ യഥാർഥ ഒരുപവൻ തൂക്കത്തിനുപകരം മെഴുക് അടക്കമുള്ള മൂന്നുപവന്റെ തുക വാങ്ങും. പിന്നീട് തിരിച്ചെടുക്കില്ല. സംശയമുണ്ടായ ചില സ്ഥാപനങ്ങളാണ് അന്വേഷണവുമായി പിന്നാലെ പോകുന്നത്. ബാങ്കുകളിൽ അപ്രൈസർമാരും വ്യാജ സ്വർണം കണ്ടെത്താനുള്ള ഉപകരണവുമുണ്ട്. എന്നാൽ ,ഈ സംവിധാനമെല്ലാം വാക്സ് സ്വർണത്തിനുമുന്നിൽ പരാജയപ്പെടുന്നു. സംശയം തോന്നി സ്വർണത്തിന്റെ ഉരച്ച ഭാഗത്ത് നൈട്രിക് ആസിഡ് മിശ്രിതം പുരട്ടിയാലും ഇത് പിടിക്കപ്പെടില്ല. അത്രയ്ക്ക് ആസൂത്രിതമാണ് തട്ടിപ്പുകാരുടെ ശൃംഖല.
മുക്കുപണ്ടം പണയംവെക്കുന്ന രീതിയും മാറി. ബാങ്കുകളിൽനിന്ന് ഉരച്ചുനോക്കുന്ന ഭാഗത്തുമാത്രം അസ്സൽ 916 സ്വർണം ചേർക്കും. എന്നാൽ മാലയുടെ 95 ശതമാനവും മുക്കുപണ്ടമായിരിക്കും. ഉള്ളിൽ ചെമ്പ് വെച്ച് മുകളിൽ സ്വർണത്തകിട് വച്ച് നിർമിക്കുന്നതും ലാബുകളിലെത്തുന്നു. ഇത് കാരറ്റ് അനലൈസറിൽ ഉൾപ്പെടെ പിടിക്കാൻ കഴിയില്ലെന്ന് വിദഗ്ധർ പറയുന്നു.


'പണയംവെക്കുന്ന' സ്വർണം

ചില ഏജൻസികൾ നിർമിക്കുന്ന വാക്സ് സ്വർണം പണയംവെക്കാൻ വാങ്ങുന്നവരുണ്ട്. പക്ഷേ, പ്രമുഖ ജൂവലറികൾ ഇതിനെ പ്രോത്സാഹിപ്പിക്കാറില്ല. ബാങ്കുകളിലെ സ്വർണപരിശോധനാസംവിധാനങ്ങൾ പഠിച്ചാണ് 'പണയസ്വർണ' തട്ടിപ്പ്.

സ്വർണത്തിൽ അധികം ചെമ്പും സിങ്കും ചേർത്തുള്ള പണയത്തട്ടിപ്പ് വളകളിലാണ് കൂടുതൽ നടക്കുന്നത്. ആഭരണം മുറിച്ചുനോക്കിയാലേ ഉള്ളിലെ ലോഹം ഏതെന്ന് തിരിച്ചറിയാനാകൂ. ഫൊറൻസിക് ലാബുകളിൽ നൈട്രിക് ആസിഡ് മിശ്രിതത്തിൽ ഇടുമ്പോൾത്തന്നെ നീലനിറം വരും.



أحدث أقدم