എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസ് മുനമ്പം ഡിവൈഎസ്‍പി എസ് ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 17 അംഗ സംഘം അന്വേഷിക്കും. കൊല്ലപ്പെട്ടവരുടെ തലയിൽ ആഴത്തിൽ മുറിവുണ്ടെന്നാണ് എഫ്ഐആറിലുള്ളത്. കൊല്ലപ്പെട്ട വേണുവിന്‍റെ തലയിൽ മാത്രം ആറ് തവണ അടിയേറ്റേന്നും ആറ് മുറിവുകള്‍ ഇന്‍ക്വസ്റ്റിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിനീഷയുടെ തലയിൽ എട്ട് സെന്‍റീ മീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്.
കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും കഴുത്തിന് മുകളിലേക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. കൊല്ലപ്പെട്ട വേണു,ഉഷ, വിനീഷ എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഉടൻ പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകും. പ്രതി ഋതുവിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും എന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹം ചേന്ദമംഗലം കരിമ്പാടത്തെ ബന്ധു വീട്ടിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് വൈപ്പിൻ മുരിക്കുംപാടം ശ്മശാനത്തിൽ സംസ്കരിക്കും.
അഥേസമയം,കൊലപാതകത്തിന് ശേഷം പ്രതിയെ പാലിയം അമ്പലത്തിനു സമീപത്തു വച്ച് കണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു. യാതൊരു ഭാവബേധവുമില്ലാതെ ബൈക്കിൽ കടന്നു പോയി.
പ്രതി സ്ഥിരം ശല്യക്കാരൻ ആയിരുന്നു. ഗതികേട് കൊണ്ടാണ് വേണുവിന്റെ കുടുംബം സി സി ടി വി വെച്ചത്. പലകുറി പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം, ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ള ജിതിന് അടിയന്തര ശസ്ത്രക്രിയ വേണം. വൻ സാമ്പത്തിക ചെലവുള്ള ശസ്ത്രക്രിയ ആണ് നടത്തുന്നത്. ചികിത്സക്ക് സുമനസുകളുടെ സഹായം തേടിയിരിക്കുകയാണ് ചേന്ദമംഗലം പഞ്ചായത്ത്