ഇനി വാഹനം തടഞ്ഞു നിര്‍ത്തിയുള്ള പരിശോധനയില്ല; ചെക്കിങ്ങിന് എ.ഐ. ക്യാമറയും സ്‌കാനറും എത്തിക്കാന്‍ ആലോചന



തിരുവനന്തപുരം*  സംസ്ഥാന അതിര്‍ത്തിയിലെ മോട്ടോര്‍വാഹന ചെക്പോസ്റ്റുകളില്‍ വാഹനം നിര്‍ത്താതെ പരിശോധിക്കാനുള്ള സംവിധാനമൊരുക്കുന്നത് മോട്ടോര്‍വാഹന വകുപ്പിന്റെ പരിഗണനയില്‍. വാളയാറടക്കമുള്ള സംസ്ഥാനാതിര്‍ത്തിയില്‍ എ.ഐ. (നിര്‍മിതബുദ്ധി) ക്യാമറകളും സ്‌കാനറുകളും സ്ഥാപിച്ചുള്ള പരിശോധനയ്ക്കാണ് നീക്കം.

ഇതിനുള്ള ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിച്ചതായി മോട്ടോര്‍വാഹന വകുപ്പധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധന അവശ്യഘട്ടങ്ങളില്‍ മാത്രമേ വേണ്ടിവരൂ. മറ്റു സമയങ്ങളിലെല്ലാം വാഹനങ്ങള്‍ക്ക് തടസ്സംകൂടാതെ ചെക്പോസ്റ്റുകളിലൂടെ സഞ്ചരിക്കാനാവും.
നികുതി, ഇന്‍ഷുറന്‍സ്, പുക സര്‍ട്ടിഫിക്കറ്റ്, അധികഭാരം, വാഹനങ്ങളുടെ ക്രമവിരുദ്ധമായ രൂപമാറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ വാഹനം ചെക്പോസ്റ്റ് കടക്കുന്ന സമയത്തുതന്നെ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാന്‍ സംവിധാനമുണ്ടാകും. പിഴ ഓണ്‍ലൈനായി അടയ്ക്കാനുമാവും.

എ.ഐ. ക്യാമറകളും സ്‌കാനറുകളും വഴി ലഭിക്കുന്ന വിവരങ്ങള്‍ നേരിട്ട് ആര്‍.ടി.ഒ. ഓഫീസുകളിലെത്തും. ഇവ ജില്ലാതലത്തില്‍ വിശകലനം നടത്താനും സംവിധാനമുണ്ടാകും. പരാതികള്‍ പരിശോധിക്കാനും ജില്ലാതലത്തില്‍ സംവിധാനമൊരുക്കും. ക്രമക്കേട് കണ്ടെത്തിയശേഷം പിഴയടയ്ക്കാതെ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട വാഹനങ്ങളെ പിടികൂടാനും ഓണ്‍ലൈനായി പിഴയീടാക്കാനും സംവിധാനമൊരുക്കും.
സംസ്ഥാനത്തേക്ക് ഏറ്റവുംകൂടുതല്‍ ചരക്കുനീക്കം നടക്കുന്ന വാളയാര്‍ ചെക്പോസ്റ്റിനാവും വെര്‍ച്വല്‍ സംവിധാനം നടപ്പാക്കുന്നതില്‍ പ്രഥമപരിഗണനയെന്ന് അധികൃതര്‍ സൂചിപ്പിച്ചു. 20-ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി.എച്ച്. നാഗരാജുവിന്റെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ നടക്കുന്ന മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായേക്കും.
أحدث أقدم