നടി ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ പിടിയിലായ വ്യവസായി ബോബി ചെമ്മണ്ണൂരുമായി പൊലീസ് സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു. വയനാട് ആയിരം ഏക്കറിന് സമീപത്ത് നിന്ന് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ പുത്തൂർ വയൽ പൊലീസ് ക്യാമ്പിലെത്തിച്ച ശേഷമാണ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘവും വയനാട്ടിലെ എസ്‌പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് ബോബിയെ പിടികൂടിയത്.
ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ബോബിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. താൻ മോശമായൊന്നും പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് മോശമാക്കി പ്രചരിപ്പിച്ചത് ചില വ്ലോഗർമാരാണെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ചത്. ബോബി ചെമ്മണ്ണൂരിനെ പൊലീസ് നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് കരുതിയത്.