വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ താൻ നിരപരാധിയാണെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ. ശനിയാഴ്ച വയനാട്ടിൽ എത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. താൻ ഒളിവിൽ പോയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. നിലവിൽ തിരുവനന്തപുരത്താണ് ഉള്ളതെന്നും സഭാ സമ്മേളനം കഴിഞ്ഞ ശേഷം വയനാട്ടിൽ എത്തുമെന്നും ഐസി ബാലകൃഷ്ണൻ പറഞ്ഞു.
വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കിയ കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നു.