അമിത വേഗതക്കെതിരെ നടപടി; വാഹനങ്ങളെ നിരീക്ഷിക്കാൻ ജിയോ ഫെൻസിങ് വരുന്നു; ക്യാമറ കാണുമ്പോൾ സ്പീഡ് കുറയ്ക്കുന്നവരും കുടുങ്ങും..




 തിരുവനന്തപുരം* : കേരളത്തിൽ വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും, അമിത വേഗതക്കെതിരെ നടപടി വരുന്നു. കേരളത്തിൽ ജിയോ ഫെൻസിങ് നടപ്പാക്കും. വാഹനങ്ങളുടെ വേഗത നിരീക്ഷിക്കും. അമിതവേഗതയിൽ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.

വാഹനങ്ങളിൽ ബാർ കോഡ് പതിപ്പിക്കുകയും റോഡിൽ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെൻസിങ് കടന്നുപോകാൻ വാഹനങ്ങൾ എടുക്കുന്ന സമയം പരിശോധിച്ച് വേഗത കണക്കാക്കുകയും ചെയ്യും. ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസൻസിൽ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കുന്നത് പരിഗണനയിലാണ്.

നിശ്ചിത എണ്ണം ബ്ലാക്ക് പഞ്ചുകൾ വന്ന ലൈസൻസുകൾ സ്വയമേവ റദ്ദാകും.
ഇത് നടപ്പാക്കുന്നതോടെ തുടർച്ചയായ നിയമലംഘനങ്ങൾ തടയാനാകും.

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസെഷനു വേണ്ടി ആപ്പ് നിലവിൽ വരും. ഏതെങ്കിലും കാരണത്താൽ ലൈസൻസ് നഷ്ടമായാൽ തിരികെ ലഭിക്കാനുള്ള നടപടികൾ എളുപ്പമാകില്ല.

റോഡ് കയ്യേറി നടത്തുന്ന കച്ചവടങ്ങൾ, റോഡരികിലെ പാർക്കിംഗ് എന്നിവ കർശനമായി തടയും. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾ അംഗീകരിച്ചു കൊടുക്കില്ല. അപകടം ഒഴിവാക്കുന്നതിനായി കൊണ്ടുവരുന്ന നടപടികളെല്ലാം പ്രതിഷേധം കൊണ്ട് തകർക്കാൻ ശ്രമം നടക്കുന്നത് തടയും. കെ എസ് ആർ ടി സി ഡ്രൈവിങ് സ്‌കൂൾ ആരംഭിച്ചപ്പോഴും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നപ്പോഴും പ്രതിഷേധമുണ്ടായതടക്കം പരിശോധിക്കും.

കാര്യക്ഷമമായ രീതിയിൽ ടെസ്റ്റ് നടത്താൻ തുടങ്ങിയപ്പോൾ അപേക്ഷിക്കുന്നവരിൽ ഭൂരിപക്ഷവും വിജയിക്കുന്ന ടെസ്റ്റിൽനിന്ന് ഇപ്പോൾ വിജയം 50 ശതമാനമായി കുറഞ്ഞു. ഡ്രൈവിങ് സ്‌കൂളിൽ നിന്ന് ഇതുവരെ കെ എസ് ആർ ടി സിക്ക് ഫീസിനത്തിൽ ലഭിച്ച 46 ലക്ഷം രൂപയിൽ 11 ലക്ഷം രൂപ ലാഭമാണ്. അതുകൊണ്ടുതന്നെ കേൾക്കുന്നതെല്ലാം സത്യമല്ലെന്ന് പൊതുജനങ്ങളും മനസ്സിലാക്കണം.

റോഡിലിറങ്ങുന്ന എല്ലാവർക്കും ഗതാഗത സംസ്‌കാരം ബാധകമാണ്. റോഡിൽ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാൻ തയ്യാറാകണം. ആദ്യം വാഹനവുമായെത്തിയവരെയും കൂടുതൽ യാത്രക്കാരുള്ള വലിയ വാഹനങ്ങളെയും ആദ്യം കടന്നുപോകാൻ അനുവദിക്കണം. റോഡിലെ മുൻഗണനകൾ നിശ്ചയിക്കുന്നതിൽനിന്ന് നമ്മളെ ഏത് സംസ്‌കാരമാണ് തടയുന്നത് എന്ന് സ്വയം പരിശോധിക്കണം.

തുച്ഛമായ ലാഭത്തിനു വേണ്ടിയാണ് പലപ്പോഴും ബസുകൾ അമിതവേഗത്തിലോടുന്നത്. ഒരു ജീവൻ പൊലിയുമ്പോൾ കുടുംബങ്ങളാണ് അനാഥമാകുന്നത്. അപകടത്തിൽ കുഞ്ഞുങ്ങൾ മരിച്ച വീടുകളിലെത്തുമ്പോൾ അവരുടെ അച്ഛനമ്മമാരെ എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കാനാവുകയെന്ന് ചിന്തിക്കണം. കെ എസ് ആർ ടി സി ബസുകൾ അപകടത്തിൽപ്പെട്ട കേസുകൾ വർഷങ്ങളോളം നടത്തുമ്പോൾ ഒരു കോടി രൂപയോളമാണ് നഷ്ടം വരുന്നത്.

ഡ്രൈവിംഗ് കുറ്റകൃത്യങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിനായി സിവിലിയൻ ആപ്പ് യുവാക്കൾ ഉപയോഗിക്കണം. ഓരോ വ്യക്തിയും നിയമപാലകരും നിരീക്ഷകരുമായാൽ അപകടങ്ങൾ വലിയതോതിൽ കുറയ്ക്കാനാവും.
  
أحدث أقدم