പുലി ഭീതിയൊഴിയാതെ നാട്; പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് വനം വകുപ്പ്…




ഏറെ നാളുകളായി പത്തനാപുരം നിവാസികൾ പുലി ഭീതിയിലാണ് കഴിയുന്നത്. ഇന്ന് രാവിലെ ജോലിക്ക് പോയ നാട്ടുകാരനായ പുരുഷോത്തമന് പുലിയെ കണ്ട ഭീതി വിട്ടുമാറിയിട്ടില്ല. വെള്ളിയാഴ്ച രാവിലെ കിഴക്കേ ഭാഗത്തും പുലിയെ കണ്ടവരുണ്ട്. റേഷൻ കട ഭാഗത്തു കൂടി പോയ പുലിയുടെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം തരിയൻതോപ്പ് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ പുലി ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപെടുകയായിരുന്നു. പുലിയെ കണ്ട് ഓടുന്നതിനിടയിൽ ടാപ്പിംഗ് തെഴിലാളിയായ വിജയന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് പതിവായി പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനാൽ പുന്നല വനം ഡപ്യൂട്ടി റേഞ്ച് ഓഫിസർ ബി.ഗിരിയുടെ നേതൃത്വത്തിൽ കിഴക്കേ ഭാഗം മേഖലയിൽ ഉദ്യോഗസ്ഥർ ക്യാമറ സ്ഥാപിച്ചു.

ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചാൽ പ്രദേശത്ത് കൂട് സ്ഥാപിക്കും. ഇതുവഴി ഒഴുകുന്ന കല്ലടയാറിനു മറുകരയിലുള്ള പിടവൂർ ജംക്‌ഷനിലും ദിവസങ്ങൾക്കു മുൻപ് പുലിയെ കണ്ടിരുന്നു. ഒന്നിൽ കൂടുതൽ പുലികളുടെ സാന്നിധ്യം പ്രദേശത്തുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടയ്ക്കാമൺ കൊല്ലാലം ഭാഗത്തെ ഒരു വീട്ടിൽ വളർത്തിയ പട്ടിയെയും മുയലിനെയും മുൻപ് പുലി പിടിച്ചിരുന്നു. ഒരാഴ്ച്ച മുൻപ് നടുക്കുന്ന് പള്ളിമുക്ക് – മാമൂട് ഭാഗത്തും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ മാസം ചിതൽവെട്ടിയിൽ നിന്നും കെണിയൊരുക്കി പുലിയെ പിടികൂടിയിരുന്നു. ഇതോടെയാണ് കിഴക്കേഭാഗം മേഖലയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ക്യാമറകൾ സ്ഥാപിച്ചത്. വന മേഖലയിൽ നിന്ന് അകലെയുള്ള പ്രദേശമായിരുന്നിട്ടും ഇവിടെ എങ്ങനെ പുലി എത്തി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്.
أحدث أقدم