എൻഐഎ ഉദ്യോഗസ്ഥർ ശാരീരികമായി പീഡിപ്പിച്ചതായി കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് നേതാക്കളുടെ പരാതി. മാവോയിസ്റ്റ് നേതാക്കളായ സി പി മൊയ്തീൻ, പി കെ സോമൻ, പി എം മനോജ് എന്നിവരാണ് എൻഐഎ കോടതിയിൽ പരാതി നൽകിയത്. എൻഐഎ ഉദ്യോഗസ്ഥർ ശാരീരികമായി പീഡിപ്പിച്ചെന്നും കേസുമായി ബന്ധമില്ലാത്തയിടങ്ങളിലേയ്ക്ക് കൊണ്ടുപോയെന്നുമാണ് പരാതി.
അന്വേഷണ സംഘത്തിലെ മേധാവി ശാരീരികമായി ഉപദ്രവിച്ചെന്നും കാട്ടിലൂടെ വലിച്ചിഴച്ചെന്നും പരാതിയിൽ പറയുന്നു. കേസുമായി ബന്ധമില്ലാത്ത കണ്ണൂർ കരിക്കോട്ടക്കരിയിലെ കാട്ടിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്.
പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് കോടതി എൻഐഎയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി ആറിന് കേസ് പരിഗണിക്കുന്നതിന് മുമ്പ് വിശദീകരണം നൽകാനാണ് കോടതി എൻഐഎയോട് അവശ്യപ്പെട്ടിരിക്കുന്നത്. കോടതിയുടെ അനുമതിയോടെ ജനുവരി ഒന്നിനാണ് പ്രതികളെ എൻഐഎ കസ്റ്റഡിയിൽ വാങ്ങിയത്.
വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന മനോജിനെയും മൊയ്തീനെയും വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സോമനെയും ജനുവരി ഒന്ന് മുതൽ ആറ് വരെയാണ് എൻഐഎ കസ്റ്റഡയിൽ വാങ്ങിയത്. എന്നാൽ ജനുവരി ആറിന് തന്നെ പ്രതികളെ എൻഐഎ ജയിലിൽ എത്തിച്ചിരുന്നു.