ചാരമായി നഗരങ്ങള്‍, തിരിച്ചറിയാനാകാതെ മൃതദേഹങ്ങള്‍, വീടുകളുടെ കല്‍ ചിമ്മിനികള്‍ മാത്രം ബാക്കി; കാട്ടുതീയില്‍ കരിഞ്ഞുണങ്ങി കാലിഫോര്‍ണിയ



കാലിഫോർണിയ: അമേരിക്കയിലെ ലോസ് ആഞ്ചലെസിലെ കാട്ടുതീയില്‍ മരണസംഖ്യ പത്തായി. ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ തെക്കൻ കാലിഫോർണിയയെ കറുത്ത പുകയിലാഴ്ത്തി കത്തിപ്പടർന്നുകൊണ്ടിരിക്കുകയാണ്.
അമേരിക്കൻ സിനിമകളുടെ കേന്ദ്രമായ ഹോളിവുഡും ഇതുവരെ നിയന്ത്രിക്കാനാകാത്ത കാട്ടുതീയുടെ പിടിയിലമർന്നു കഴിഞ്ഞു. ചൊവാഴ്ച ഹോളിവുഡിലെ ഒരു വീടിന് പിന്നില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട തീ നിമിഷ നേരത്തിനുള്ളില്‍ പടരുകയായിരുന്നു. 

ജനുവരി ഒൻപത്  വരെ മാത്രം പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരിച്ചവരെല്ലാം കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 

നിലവിലെ മരണസംഖ്യ തീ അടങ്ങുന്നതോടെ ഉയരുമെന്നാണ് നിഗമനം. നിരവധി പേർ കത്തിത്തകർന്ന കെട്ടിടങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ക്കിയടില്‍ പെട്ട് മരിച്ചേക്കാനുള്ള സാധ്യതയുമുണ്ട്. 

കാലിഫോർണിയയുടെ ഏറ്റവും സമ്ബന്നമായ പ്രദേശത്തുകൂടെയാണ് നിലവില്‍ കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. നേരത്തെ 288 കോടി രൂപ വിലയിട്ട ഒരു ബംഗ്ലാവ് കത്തിനശിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് കൂടാതെ നിരവധി വിലകൂടിയ വീടുകളും കത്തിനശിച്ചിട്ടുണ്ട്. 

108 ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്. ഒരുലക്ഷം പേരെ ഇതിനോടകം പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു കഴിഞ്ഞു. സിനിമ മേഖലയുമായി ബന്ധപ്പെട്ട ധാരാളം പ്രശസ്തർ താമസിക്കുന്ന പ്രദേശത്തും തീ പടർന്നിട്ടുണ്ട്. വിലകൂടിയ കാറുകളും മറ്റ് വസ്തുക്കളും കത്തിനശിച്ച വസ്തുക്കളുടെ കൂട്ടത്തില്‍ പെടും 

5,000 വീടുകള്‍ ഇതിനോടകം കത്തിനശിച്ചെന്നാണ് നിഗമനം. യുഎസിലെ വലിയ ശതമാനം വീടുകളും തടി കൊണ്ട് നിർമിച്ചവയായതിനാല്‍ പല വീടുകളുടെയും കല്‍ ചിമ്മിനികള്‍ മാത്രമാണ് ശേഷിക്കുന്നത്. 

ചെറിയ രീതിയില്‍ രൂപപ്പെട്ട കാട്ടുതീയുടെ വ്യാപനത്തിന് കാരണം 'സാന്റാ ആന' കൊടുങ്കാറ്റാണ്. 112 കിലോമീറ്റർ വേഗതയുള്ളാ കാറ്റ് തീ അതിവേഗത്തില്‍ പടരുന്നതിന് കാരണമായി. ഇത് കൂടാതെ പ്രദേശത്ത് വരണ്ട കാലാവസ്ഥ വൻതോതില്‍ ചെടികള്‍ക്ക് തീ പിടിക്കുന്നതിന് കാരണമായി. കഴിഞ്ഞ മേയിലാണ് ഇവിടെ മഴ അവസാനമായി പെയ്തത്. 

രാത്രിയാണ് കാറ്റ് ശക്തി പ്രാപിക്കുന്നത് എന്നതിനാല്‍ പകല്‍ സമയത്ത് കഴിവതും തീ നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഒരു വശത്ത് തീ നിയന്ത്രണവിധേയമാകുമ്ബോള്‍ മറ്റൊരു വശത്ത് തീ ആളിപ്പടരുന്ന അവസ്ഥയാണ്. 

ഇതുകൂടാതെ തീ നിയന്ത്രണവിധേയമാക്കിയെന്ന് കരുതിയ ഇടങ്ങളില്‍ തീ പടരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തീ അണഞ്ഞ ഇടങ്ങളിലെ ബഹുനില കെട്ടിടങ്ങളുടെ മുകളിലും തീ പടർന്ന് ഇവ നിലം പതിക്കുമ്ബോള്‍ വീണ്ടും തീ ആളുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം മുൻപ് ആളുകള്‍ തിങ്ങിപ്പാർത്തിരുന്ന നഗരങ്ങള്‍ വെറും ചാരമായി മാറിക്കഴിഞ്ഞു. ഇത് കൂടാതെ കട്ടിയുള്ള പുക യുഎസിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചുകഴിഞ്ഞു. 1.5 ദശലക്ഷത്തിലധികം പേർ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. നാസയുടെ റോബോട്ടിങ് ദൗത്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററിയും കാട്ടുതീ ഭീഷണി നേരിടുന്നുണ്ട്.

നിലവില്‍ വീടുകളുടെ തീ അണക്കുന്നതിലുപരി കൂടുതല്‍ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് തടയുന്ന തിരക്കിലാണ് അഗ്നിശമന സേന. 

ഒഴിപ്പിക്കലിന് ശേഷം തങ്ങളുടെ പഴയ സ്ഥലങ്ങളിലെത്തിയവർക്ക് സ്ഥലമേതെന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. തീപിടിത്തത്തിന് ശേഷം ചാരമായ സ്ഥലങ്ങളില്‍ വൻതോതില്‍ മോഷണം നടക്കുന്നതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നിലവില്‍ തീപിടിത്തം അൻപത് ബില്യണ്‍ ഡോളറിൻ്റെ നാശനഷ്ടം ഉണ്ടാക്കിയതായാണ് കണക്കുകൂട്ടുന്നത്. 

നിലവിലെ കാട്ടുതീക്ക് പുറമെ ലോസ് ആഞ്ചലസിന്റെ അതിർത്തിയില്‍ മറ്റൊരു കാട്ടുതീ കൂടി രൂപപ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം, വിനാശകരമായ കാട്ടുതീ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനു പ്രസിഡന്റ് ജോ ബൈഡനെയും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിനെയും നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വിമർശിച്ചു. കാട്ടുതീ പ്രതിസന്ധിയെ നേരിടാൻ വേണ്ട സജ്ജീകരണങ്ങള്‍ ബൈഡൻ ഭരണകൂടം ഒരുക്കിയില്ലെന്നാണ് ട്രംപിന്റെ വിമർശനം.

أحدث أقدم