രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഹൈക്കോടതിയില്‍




കൊച്ചി : നടി ഹണിറോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. അറസ്റ്റ് മുന്നില്‍ കണ്ടാണ് നീക്കം. ഹര്‍ജി കോടതി നാളെ പരിഗണിക്കും. അതേസമയം, രാഹുല്‍ ഈശ്വറിനെതിരായ സൈബര്‍ അധിക്ഷേപ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി. പരാതിയില്‍ നേരിട്ട് കേസെടുക്കണോ എന്നതിലാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചശേഷമാകും പൊലീസിന്റെ തുടര്‍നടപടി.

സൈബര്‍ ഇടങ്ങളില്‍ ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ രാഹുല്‍ ഈശ്വര്‍ ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ഹണിറോസ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. താന്‍ നല്‍കിയ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാന്‍ സൈബറിടങ്ങളില്‍ ഓര്‍ഗനൈസ്ഡ് ക്രൈം രാഹുല്‍ ആസൂത്രണം ചെയ്തുവെന്നും, ഒരാളുടെ വസ്ത്രധാരണം അയാളുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും, അതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ടെന്നും ഹണി റോസ് പറയുന്നു.

അതിനിടെ, ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാതി നടത്തിയെന്ന് ആരോപിച്ച് രാഹുല്‍  ഈശ്വറിനെതിരെ ഒരു പരാതി കൂടി പൊലീസിന് ലഭിച്ചു. തൃശ്ശൂര്‍ സ്വദേശി സലിം ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. ചാനല്‍ ചര്‍ച്ചകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടേയും ഹണി റോസിനെ അപമാനിക്കുന്നു എന്നാണ് പരാതിയിലുള്ളത്. ഹണി റോസ് കഴിഞ്ഞദിവസം നല്‍കിയ പരാതി സൈബര്‍ ക്രൈമിന്റെ പരിധിയില്‍ വരുന്നതാണോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.
أحدث أقدم