കാരവാനിലെ യുവാക്കളുടെ മരണം: വിഷവാതകം ശ്വസിച്ചെന്ന് സ്ഥിരീകരണം...



ദേശീയപാതയില്‍ വടകര കരിമ്പനപ്പാലത്ത് കാരവനില്‍ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് കാരണമെന്ന് കണ്ടെത്തൽ. കോഴിക്കോട് എന്‍ഐടി വിദഗ്ധ സംഘമാണ് അന്വേഷണം നടത്തിയത്. വാഹനത്തില്‍ പടർന്ന കാര്‍ബണ്‍ മോണോക്‌സൈഡാണ് മരണകാരണമായതെന്നും വാഹനത്തിലെ ജനറേറ്ററില്‍ നിന്നാണ് വിഷവാതകം അകത്തേക്ക് വമിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തി. വാതകം കാരവാനിന് അകത്തെത്തിയത് പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ്. രണ്ട് മണിക്കൂറിനകം 957 പിപിഎം അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് പടര്‍ന്നതെന്ന് പരിശോധനയിൽ വ്യക്തമായി.

കഴിഞ്ഞ ഡിസംബര്‍ 23- നാണ് വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവനിന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുകയായിരുന്നു.

പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറായിരുന്നു മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ജോയല്‍.
വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

أحدث أقدم