ട്രെയിൻ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രക്കാരിക്ക് രക്ഷയായി സഹയാത്രികയായ നഴ്സ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുശീലയ്ക്കാണ് പരശുറാം എക്സ്പ്രസ്സിലെ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആലുവ രാജഗിരി ആശുപത്രിയിലെ കാർഡിയാക്ക് ഐസിയു നഴ്സായ അമിത കുര്യാക്കോസ് ആണ് സുശീലയ്ക്ക് തുണയായി എത്തിയത്. അമിത കുര്യാക്കോസിന്റെ അവസരോചിത ഇടപെടലിനെ സഹയാത്രികരും ടിടിഇയും അഭിനന്ദിച്ചു.
രോഗിയായ ബന്ധുവിനെ സന്ദർശിക്കാൻ മകള്‍ക്കൊപ്പം എറണാകുളത്തേക്ക് പോയതായിരുന്നു സുശീല. ട്രെയിൻ തൃപ്പൂണിത്തറ സ്റ്റേഷൻ പിന്നിട്ടപ്പോള്‍ സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മകള്‍ പരിഭ്രാന്തയായി കരഞ്ഞതോടെയാണ് മറ്റ് യാത്രക്കാർ കാര്യം അറിഞ്ഞത്. ഈ സമയം തൊട്ടടുത്ത കമ്പാർട്ടുമെന്റില്‍ യാത്ര ചെയ്യുകയായിരുന്ന അമിത, സുശീലയുടെ രക്ഷയ്ക്കെത്തുകയായിരുന്നു.
പള്‍സ് ലഭിക്കാതെ വന്നതോടെ അമിത സുശീലയെ തറയില്‍ കിടത്തി അഞ്ചു തവണ സിപിആർ നല്കി. ഇതോടെ സുശീലയുടെ കണ്ണുകളിലെ ചലനവും പള്‍സും വീണ്ടെടുക്കാൻ സാധിച്ചു. ഇതിനിടയില്‍ യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയിരുന്നു. റെയില്‍വെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.