കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് ആതിരയെ കൊലപ്പെടുത്തിയത്; പ്രതി ജോൺസന്റെ മൊഴി



കുഞ്ഞിനെയും കൊണ്ട് കൂടെ വരാൻ പല തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്തത് കൊണ്ടാണ് കഠിനംകുളം സ്വദേശിയായ ആതിരയെ കൊലപ്പെടുത്തിയതെന്ന് പ്രതി ജോൺസൻറെ മൊഴി. പോലീസ് പിടിയിലാകുമെന്നുറപ്പായപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും അന്വേഷണ സംഘത്തിന് ജോൺസൺ മൊഴി നൽകി.

കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോൺസൻ ഔസേപ്പിനെ ഇന്നലെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജോൺസൺ. കഠിനംകുളം പൊലീസിൻറെ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിൻറെ വിവരങ്ങൾ പുറത്ത് വന്നത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോൺസൻറെ ആവശ്യം.

തൻറെ ബൈക്ക് അടക്കം വിറ്റിട്ടാണ് പ്രതി ആതിരയെ കാണാൻ എത്തിയത്. വീട്ടിൽ എത്തിയ പ്രതിക്ക് ആതിര ചായ ഇട്ടു കൊടുത്തു. ഈ സമയം ജോൺസൺ കയ്യിൽ കരുതിയ കത്തി മുറിക്കുള്ളിലെ കിടക്കയുടെ അടിയിൽ സൂക്ഷിച്ചു. ഇതിനിടെ കുട്ടി ഉണരുകയും ആതിര കുട്ടിയെ ഒരുക്കി സ്കൂളിൽ വിടുകയും ചെയ്തു. ഈ സമയമെല്ലാം പ്രതി വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ സ്കൂളിൽ വിട്ടശേഷം ഭർത്താവിന് ഭക്ഷണം കൊടുത്ത് ആതിര മടങ്ങി റൂമിൽ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്.

ആതിരയെ കുത്താനുള്ള കത്തി ചിറയിൻകീഴിൽ നിന്നുമാണ് വാങ്ങിയതെന്നാണ് ജോൺസൻറെ മൊഴി. കൃത്യം നടത്തുന്നതിനിടയിൽ ജോൺസൻറെ കൈയ്ക്കും മുറിവേറ്റിരുന്നു. കൊലപാതക ശേഷം ജോൺസൻറെ ഷർട്ട് അവിടെ ഉപേക്ഷിച്ച് ആതിരയുടെ ഭർത്താവിൻറെ ഷർട്ട് ഇട്ടാണ് രക്ഷപ്പെട്ടത്. ആതിര തൻറെ കൂടെ വരാൻ സമ്മതിക്കാത്തതാണ് കൊലപാതകം നടത്താൻ കാരണം എന്നാണ് പ്രതിയുടെ മൊഴി. ഈ മാസം 7-ാം തിയതി തമ്മിൽ കണ്ട ഇരുവരും അന്ന് ജോൺസൻറെ ബുള്ളറ്റിൽ ഒരുമിച്ച് യാത്ര ചെയ്യുകയും ചെയ്തിരുന്നുവെന്നും മൊഴിയിലുണ്ട്. ഡിസംബർ 7 മുതൽ ജനുവരി 7 വരെ ചിങ്ങവനത്ത് ഒരു രോഗിയെ നോക്കിയ ജോൺസൺ അതിന് ശേഷമാണ് ജോലി ഉപേക്ഷിച്ച് പെരുമാതുറയിലെത്തിയത്.

ചിങ്ങവനത്തെ വീട്ടിൽ നിന്ന് സാധനങ്ങൾ എടുക്കാൻ എത്തിയപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ 48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ശേഷമായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക. ആശുപത്രിയിൽ പൂർണമായും പോലീസ് നിരീക്ഷണത്തിലാണ് പ്രതി കഴിയുന്നത്.
أحدث أقدم