മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചെന്നു കരുതി കണ്ണൂരില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ പാച്ചപ്പൊയ്കയിലെ പുഷ്പാലയം വീട്ടില്‍ വെള്ളുവക്കണ്ടി പവിത്രന്‍ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു !!


കണ്ണൂര്‍ എകെജി ആശുപത്രിയിലെ പതിനൊന്ന് ദിവസം നീണ്ട ചികിത്സക്കൊടുവില്‍ ആരോഗ്യനില മെച്ചപ്പെട്ട പവിത്രന്‍ ആളുകളെ തിരിച്ചറിയുകയും ചെറുതായി സംസാരിക്കുന്നുമുണ്ട്.

കഴിഞ്ഞ പതിമൂന്നിന് രാത്രിയാണ് പവിത്രന്‍ ഇനി ജീവിതത്തിലേക്ക് വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഗുരുതര ശ്വാസംമുട്ടലും വൃക്കരോഗവും ബാധിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന പവിത്രന്‍ ഇനി പത്ത് മിനിറ്റിലധികം ജീവിച്ചിരിക്കില്ലെന്നു വിധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയില്‍നിന്ന് പറഞ്ഞയച്ചു. കണ്ണൂരിലേക്കുള്ള യാത്രാമധ്യേ അനക്കമില്ലാതായതോടെ ബന്ധുക്കളും മരിച്ചെന്നുറപ്പിച്ചു.

തുടര്‍ന്ന് മൂന്നര മണിക്കൂറോളം സഞ്ചരിച്ച് രാത്രിയോടെ എകെജി ആശുപത്രിയിലെത്തി. മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ സ്‌ട്രെച്ചറുമായി ആംബുലന്‍സില്‍ കയറിയ ആശുപത്രി ജീവനക്കാരായ ജയനും അനൂപിനും ശരീരം അനങ്ങുന്നതായി തോന്നി. ഉടന്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

കണ്ണൂര്‍ എകെജി ആശുപത്രിയിലെ ഡോ. പൂര്‍ണിമ റാവുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് പവിത്രനെ ചികിത്സിച്ചത്. ആറു ദിവസത്തോളം ഗ്യാസ്‌ട്രോ ഐസിയുവിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതോടെ വാര്‍ഡിലേക്ക് മാറ്റിയ പവിത്രന്‍ വെള്ളിയാഴ്ച വൈകിട്ടോടെ ഭാര്യ സുധക്കൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്.

മംഗലാപുരം ഹെഗ്ഡെ ആശുപത്രിയിലായിരുന്നു പവിത്രനെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. അവിടെനിന്ന് പവിത്രനുമായി നാട്ടിലേക്ക് വരുന്നതിനിടെയാണ് മരിച്ചെന്ന് കരുതി ബന്ധുക്കള്‍ കണ്ണൂര്‍ എകെജി ആശുപത്രി മോര്‍ച്ചറിയിലേക്ക് പവിത്രനെ മാറ്റാന്‍ ശ്രമിച്ചത്. ഓക്‌സിജന്‍ സൗകര്യം മാത്രമുള്ള ആംബുലന്‍സില്‍ പവിത്രനെ കുടുംബം കണ്ണൂരിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്നാണ് വഴിമധ്യേ മരിച്ചെന്ന് കരുതി എകെജി ആശുപത്രി മോര്‍ച്ചറിയിലേക്കാണ് പവിത്രനെ കൊണ്ടുവന്നത്.

മരണവാര്‍ത്തയുള്‍പ്പെടെ നല്‍കി സംസ്‌കാര ചടങ്ങുകളും നിശ്ചയിച്ചശേഷമായിരുന്നു 13ന് പവിത്രനെ മോര്‍ച്ചറിയിലേക്ക് എത്തിച്ചത്. രാത്രി പവിത്രനെ എത്തിച്ചപ്പോള്‍ മോര്‍ച്ചറിയുടെ വാതില്‍ തുറക്കാനൊരുങ്ങിയ അറ്റന്റര്‍ ജയനാണ് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പവിത്രനെ എകെജി ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് ഡോക്ടര്‍ പൂര്‍ണിമ റാവു പറഞ്ഞു.
أحدث أقدم