ഒര്‍ലാന്റോ : അമേരിക്കയിലുടനീളം ശീതകൊടുങ്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നു. മലയാളികൾ ഏറെയുള്ള ടെക്സസ്, ജോര്‍ജിയ, ഫ്ലോറിഡ, ന്യൂയോര്‍ക്ക് സംസ്ഥാനങ്ങളിൽ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
ടെക്സസില്‍ ആറ് ഇഞ്ച് കനത്തിലായിരുന്നു മഞ്ഞുവീഴ്ച. 40 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്. സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മഞ്ഞുവീഴ്ചയ്ക്കൊപ്പമുള്ള ശീതകൊടുങ്കാറ്റിനെ തുടർന്ന് സ്കൂളുകൾക്കും ഓഫിസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.
മഞ്ഞുവീഴ്ച സാധാരണമല്ലാത്ത ജോര്‍ജിയയുടെയും ഫ്ലോറിഡയുടെയും പല ഭാഗങ്ങളില്‍ തണുത്ത കാറ്റും മഞ്ഞുവീഴ്ചയുമുണ്ട്. -5 ഡിഗ്രി സെല്‍ഷ്യസാണ് അറ്റ്ലാന്റ. തുടർന്ന് സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ പ്രദേശങ്ങളായ മയാമിയിലെ 21 ഡിഗ്രിയില്‍നിന്നും ഒര്‍ലാന്റോയിലെത്തുമ്പോള്‍ 9 ഡിഗ്രിയായി മാറുന്നു. ഇന്നലെയും ഇന്നുമായി തണുത്ത കാറ്റിനൊപ്പം മഴയും ഈ പ്രദേശങ്ങളിലുണ്ട്.
ടെക്സസ്, ഫ്ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, സൗത്ത് കാരോലൈന, വെര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നഗരങ്ങളായ ന്യൂ ഓര്‍ലിയന്‍സ്, സാവന്ന, ജാക്സന്‍വില്ലെ, ടെല്ലാഹസി, പെന്‍സിക്കോള, ഗെയന്‍സവില്ലെ, ആല്‍ബനി, അറ്റ്ലാന്റ, കൊളംബിയ എന്നിവിടങ്ങളിലും ശീതകൊടുങ്കാറ്റ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ 2 മുതല്‍ 8 വരെ ഇഞ്ച് വരെ കനത്തില്‍ മഞ്ഞുവീഴ്ചയും അറിയിച്ചിട്ടുണ്ട്. അലബാമ, മിസിസിപ്പി തുടങ്ങി പല സ്ഥലങ്ങളിലും സ്കൂളുകള്‍ക്ക് അവധി പ്രപഖ്യാപിച്ചിട്ടുണ്ട്.