മുതിർന്ന തെലുങ്ക് നടൻ വിജയ രംഗരാജു ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാള സിനിമയായ വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന വില്ലനായി വേഷമിട്ടിട്ടുണ്ട്. ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് ഒരാഴ്ച മുമ്പ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കൂടുതൽ വൈദ്യസഹായത്തിനായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് അദ്ദേഹം ചികിത്സയിലിരിക്കെ മരണപ്പെട്ടു.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹത്തിൻ്റെ മരണവാർത്ത സ്ഥിരീകരിച്ചു. രംഗരാജുവിൻ്റെ സംസ്കാരം ചെന്നൈയിൽ നടക്കും. വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്.