കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ രഹസ്യ മൊഴി നൽകി നടി ഹണി റോസ്. എറണാകുളം ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നടി മൊഴി നൽകിയത്. അതിനിടെ വയനാട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെൻട്രൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുക്കാൻ രാവിലെ നാല് മണി മുതൽ തന്നെ പൊലീസ് വയനാട്ടിലെ ബോബിയുടെ ഫാം ഹൗസിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബോബി ചെമ്മണ്ണൂർ ഒളിവിൽ പോകുന്നത് മുൻകൂട്ടി കണ്ടുകൊണ്ടും കൂടിയായിരുന്നു ഈ നീക്കം. റിസോർട്ടിൽ നിന്ന് ബോബി ചെമ്മണ്ണൂർ പുറത്തുപോകാൻ തയ്യാറെടുക്കുമ്പോൾ പൊലീസ് കാർ വളഞ്ഞ് പിടികൂടുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേർന്ന് നടത്തിയ നീക്കം ലോക്കൽ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല.