സത്യത്തിൽ, മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നത് കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെ ആണെന്ന് പറയേണ്ടിവരും. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ആണ് യു.പ്രതിഭയും രോഷം പ്രകടിപ്പിച്ചത്. ചാനലുകളെയും റിപ്പോർട്ടർമാരെയും പേരെടുത്ത് പരാമർശിച്ച് തന്നെയായിരുന്നു ഓരോ വട്ടവും പ്രതിഭ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. താൻ വീട്ടിൽ തന്നെയുണ്ടെന്നും, ഇല്ലാക്കഥ പ്രചരിപ്പിച്ചവർക്ക് എന്തുകിട്ടിയെന്നും ചോദിച്ചാണ് മകൻ കനിവും അന്ന് രാത്രി ലൈവിലെത്തി പ്രതിഷേധം അറിയിച്ചത്.
അതേസമയം പിഴയടച്ച് തീർക്കാവുന്ന കേസിൽപെട്ട ഒരു 21കാരനോടും കുടുംബത്തോടും സ്വീകരിക്കേണ്ട സമീപനമല്ല മാധ്യമങ്ങൾ പ്രതിഭയുടെയും കുടുംബത്തിൻ്റെയും കാര്യത്തിൽ എടുത്തത് എന്നത് വസ്തുതയാണ്. തൊട്ടുപിന്നാലെ ഡെപ്യൂട്ടി കമ്മിഷണറുടെ സ്ഥലംമാറ്റം ഉണ്ടായപ്പോൾ പ്രതികാര നടപടിയാണെന്ന പേരിൽ അതിൻ്റെ പഴിയും, പ്രതിഭയും കനിവും ഏൽക്കേണ്ടിവന്നു. അറസ്റ്റ് ചെയ്തവരും, കേസ് എടുത്തവരും പരുക്കില്ലാതെ അവിടെ തന്നെ തുടരുമ്പോൾ, രണ്ടുറാങ്ക് മുകളിലുള്ളയാളുടെ കാര്യത്തിൽ എങ്ങനെ നടപടി വരുമെന്ന സാമാന്യയുക്തി പോലും ആരും പരിഗണിച്ചില്ല. സത്യത്തിൽ വ്യാജമദ്യലോബി മുമ്പേ നടത്തിയ കരുനീക്കത്തിലാണ് ആ ഉദ്യോഗസ്ഥൻ മലപ്പുറത്തേക്ക് തെറിച്ചത്.
ബോധപൂർവമോ അല്ലാതെയോ, എക്സൈസ് തിരിച്ചടി ചോദിച്ചുവാങ്ങിയെന്ന് കരുതാവുന്ന മറ്റൊന്ന് കൂടിയുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം കനിവിൻ്റെയും കൂട്ടുകാരുടെയും അറസ്റ്റ് നടക്കുന്നത് ഉച്ചക്ക് 1.10നാണ്. എന്നാൽ കേസ് റജിസ്റ്റർ ചെയ്തതായി കാണിച്ചിരിക്കുന്നത് രാത്രി 12 മണി കഴിഞ്ഞ് 21 മിനിറ്റ് കൂടി കഴിഞ്ഞാണ്. അതായത് അടുത്ത ദിവസം. 29ാം തീയതി എന്ന് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുമണിക്ക് പിടികൂടിയ പ്രതികളുടെ കാര്യത്തിൽ സകല എഴുത്തുകുത്തുകളും പൂർത്തിയാക്കി പരമാവധി മൂന്നുമണിക്കോ നാലിനോ എങ്കിലും റജിസ്റ്റർ ചെയ്യാവുന്ന കേസ് 11 മണിക്കൂറിലേറെയാണ് നീണ്ടത്. വൈദ്യപരിശോധന കൂടി നടത്തിയെങ്കിൽ പോലും ഇത്ര വൈകേണ്ട കാര്യമില്ലായിരുന്നു.
കേസ് ചെറുതെങ്കിലും ലഹരി പോലെയുള്ള വിഷയങ്ങളിൽ പ്രതികൾ കുറ്റം നിഷേധിച്ചാൽ ഈ കാലതാമസവും കോടതിയിൽ ഉദ്യോഗസ്ഥർ വിശദീകരിക്കേണ്ടി വരും. എന്നാൽ ഇതൊന്നും ഉണ്ടാകില്ലെന്നും, ലഹരി ഉപയോഗിച്ചെന്ന് കനിവ് അടക്കം പ്രതികൾ സമ്മതിച്ചിട്ടുണ്ട് എന്നുമാണ് കേസെടുത്തവരുടെ ന്യായം. ശരിയാണ്; സാധാരണക്കാർ പ്രതിസ്ഥാനത്ത് വരുന്ന കേസിൽ കുറ്റം സമ്മതിച്ച് ചെറിയ തുക പിഴയടിച്ച് പോകുന്നത് പതിവാണ്. എന്നാൽ കനിവിൻ്റെ കാര്യത്തിൽ ഇനി പ്രതിഭക്ക് അതിന് കഴിയില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും. അപ്പോൾ പാപഭാരം ആർക്കാകും? ഉദ്യോഗസ്ഥരേക്കാൾ വകുപ്പിനാകും അത് ക്ഷീണമുണ്ടാക്കുക എന്നുറപ്പ്.