മകൻ്റെ കേസ് യു.പ്രതിഭ പറഞ്ഞിടത്തേക്ക് തന്നെ; കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ല!! നടപടി എക്സൈസിന് തിരിച്ചടിക്കും; കാരണം പലതുണ്ട് വിശദമായി അറിയാം


ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് യു.പ്രതിഭ എംഎൽഎയുടെ മകനടക്കം ഒമ്പത് യുവാക്കളെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ.ജയരാജും സംഘവും കുട്ടനാട് തകഴി ആറാം വാർഡിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂട്ടത്തിൽ ഒരാളുടെ കൈവശം നിന്ന് മൂന്നുഗ്രാം കഞ്ചാവ് പിടിച്ചെടുത്തു എന്നാണ് കേസ്. കൂട്ടത്തോടെ വലിക്കാൻ ഉപയോഗിക്കാൻ പ്ലാസ്റ്റിക് കുപ്പിയിൽ ഉണ്ടാക്കിയെടുത്ത (ബോങ് എന്ന് വിശേഷിപ്പിക്കുന്ന) ഒരു സാധനവും, പച്ച പപ്പായത്തണ്ടും ആണ് പിടിച്ചെടുത്തത് എന്ന് എക്സൈസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലഹരി ഉപയോഗിച്ചു എന്നതിനുള്ള എൻഡിപിഎസ് ആക്ടിലെ 27(b) വകുപ്പാണ് ഇതിൽ പ്രധാനം. വളരെ ചെറിയ അളവിൽ മാത്രമേ കഞ്ചാവ് പിടികൂടിയിട്ടുള്ളൂ എന്നതിനാൽ തന്നെ ഇത് ന്യായവുമാണ്. ഇതുവരെ എല്ലാം ശരിയാണ്. പിന്നെയാണ് കേസ് കൈവിട്ടുപോയത്. അതായത്, ഒരാൾ ലഹരി ഉപയോഗിച്ചു എന്ന് തെളിയിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട വൈദ്യപരിശോധന നടത്തിയില്ല എന്നതാണ് സത്യം.

സംഘത്തിലെ ഓരോരുത്തരുടെയും മുടി, മൂത്രം, രക്തം എന്നിവ ശേഖരിച്ചാണ് പരിശോധനക്ക് അയക്കേണ്ടത്. അത് ഉണ്ടായില്ല. സർക്കിൾ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകിയ എക്സൈസ് സംഘത്തിന് ഇത് അറിയാത്തത് അല്ലെന്ന് ഉറപ്പ്. അപ്പോൾ പിന്നെ ശാസ്ത്രീയ പരിശോധന ഒഴിവാക്കിയത് എന്തിനെന്ന് വ്യക്തം. യഥാർത്ഥത്തിൽ എക്സൈസ് സംഘം കനിവിനെയും സുഹൃത്തുക്കളെയും സഹായിച്ചിട്ടേയുള്ളൂ, ഒരുവിധത്തിലും ഉപദ്രവിച്ചിട്ടില്ലെന്ന് ഇക്കാരണം കൊണ്ട് തന്നെ ഉറപ്പിക്കാം.

സത്യത്തിൽ, മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നത് കാര്യങ്ങൾ വേണ്ടവിധം മനസിലാക്കാതെ ആണെന്ന് പറയേണ്ടിവരും. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരെ ആണ് യു.പ്രതിഭയും രോഷം പ്രകടിപ്പിച്ചത്. ചാനലുകളെയും റിപ്പോർട്ടർമാരെയും പേരെടുത്ത് പരാമർശിച്ച് തന്നെയായിരുന്നു ഓരോ വട്ടവും പ്രതിഭ ഫെയ്സ്ബുക്ക് ലൈവിൽ എത്തിയത്. താൻ വീട്ടിൽ തന്നെയുണ്ടെന്നും, ഇല്ലാക്കഥ പ്രചരിപ്പിച്ചവർക്ക് എന്തുകിട്ടിയെന്നും ചോദിച്ചാണ് മകൻ കനിവും അന്ന് രാത്രി ലൈവിലെത്തി പ്രതിഷേധം അറിയിച്ചത്.

അതേസമയം പിഴയടച്ച് തീർക്കാവുന്ന കേസിൽപെട്ട ഒരു 21കാരനോടും കുടുംബത്തോടും സ്വീകരിക്കേണ്ട സമീപനമല്ല മാധ്യമങ്ങൾ പ്രതിഭയുടെയും കുടുംബത്തിൻ്റെയും കാര്യത്തിൽ എടുത്തത് എന്നത് വസ്തുതയാണ്. തൊട്ടുപിന്നാലെ ഡെപ്യൂട്ടി കമ്മിഷണറുടെ സ്ഥലംമാറ്റം ഉണ്ടായപ്പോൾ പ്രതികാര നടപടിയാണെന്ന പേരിൽ അതിൻ്റെ പഴിയും, പ്രതിഭയും കനിവും ഏൽക്കേണ്ടിവന്നു. അറസ്റ്റ് ചെയ്തവരും, കേസ് എടുത്തവരും പരുക്കില്ലാതെ അവിടെ തന്നെ തുടരുമ്പോൾ, രണ്ടുറാങ്ക് മുകളിലുള്ളയാളുടെ കാര്യത്തിൽ എങ്ങനെ നടപടി വരുമെന്ന സാമാന്യയുക്തി പോലും ആരും പരിഗണിച്ചില്ല. സത്യത്തിൽ വ്യാജമദ്യലോബി മുമ്പേ നടത്തിയ കരുനീക്കത്തിലാണ് ആ ഉദ്യോഗസ്ഥൻ മലപ്പുറത്തേക്ക് തെറിച്ചത്.


ബോധപൂർവമോ അല്ലാതെയോ, എക്സൈസ് തിരിച്ചടി ചോദിച്ചുവാങ്ങിയെന്ന് കരുതാവുന്ന മറ്റൊന്ന് കൂടിയുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം കനിവിൻ്റെയും കൂട്ടുകാരുടെയും അറസ്റ്റ് നടക്കുന്നത് ഉച്ചക്ക് 1.10നാണ്. എന്നാൽ കേസ് റജിസ്റ്റർ ചെയ്തതായി കാണിച്ചിരിക്കുന്നത് രാത്രി 12 മണി കഴിഞ്ഞ് 21 മിനിറ്റ് കൂടി കഴിഞ്ഞാണ്. അതായത് അടുത്ത ദിവസം. 29ാം തീയതി എന്ന് തന്നെയാണ് റിപ്പോർട്ടിൽ പറയുന്നത്. ഒരുമണിക്ക് പിടികൂടിയ പ്രതികളുടെ കാര്യത്തിൽ സകല എഴുത്തുകുത്തുകളും പൂർത്തിയാക്കി പരമാവധി മൂന്നുമണിക്കോ നാലിനോ എങ്കിലും റജിസ്റ്റർ ചെയ്യാവുന്ന കേസ് 11 മണിക്കൂറിലേറെയാണ് നീണ്ടത്. വൈദ്യപരിശോധന കൂടി നടത്തിയെങ്കിൽ പോലും ഇത്ര വൈകേണ്ട കാര്യമില്ലായിരുന്നു.


കേസ് ചെറുതെങ്കിലും ലഹരി പോലെയുള്ള വിഷയങ്ങളിൽ പ്രതികൾ കുറ്റം നിഷേധിച്ചാൽ ഈ കാലതാമസവും കോടതിയിൽ ഉദ്യോഗസ്ഥർ വിശദീകരിക്കേണ്ടി വരും. എന്നാൽ ഇതൊന്നും ഉണ്ടാകില്ലെന്നും, ലഹരി ഉപയോഗിച്ചെന്ന് കനിവ് അടക്കം പ്രതികൾ സമ്മതിച്ചിട്ടുണ്ട് എന്നുമാണ് കേസെടുത്തവരുടെ ന്യായം. ശരിയാണ്; സാധാരണക്കാർ പ്രതിസ്ഥാനത്ത് വരുന്ന കേസിൽ കുറ്റം സമ്മതിച്ച് ചെറിയ തുക പിഴയടിച്ച് പോകുന്നത് പതിവാണ്. എന്നാൽ കനിവിൻ്റെ കാര്യത്തിൽ ഇനി പ്രതിഭക്ക് അതിന് കഴിയില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും. അപ്പോൾ പാപഭാരം ആർക്കാകും? ഉദ്യോഗസ്ഥരേക്കാൾ വകുപ്പിനാകും അത് ക്ഷീണമുണ്ടാക്കുക എന്നുറപ്പ്.

أحدث أقدم