ലോസ് ആഞ്ചൽസ്: വ്യാപകമായി പടരുന്ന കാട്ടുതീയിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗിന്റെയടക്കം ചിത്രങ്ങൾ സംരക്ഷിക്കുന്ന മ്യൂസിയത്തിനും ഭീഷണി. കലിഫോർണിയ സർവകലാശാലയിലെ ലോകപ്രശസ്ത ജെ പോൾ ഗെറ്റി മ്യൂസിയത്തെയും തീ ബാധിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വാൻ ഗോഗ്, റൂബൻസ്, റെംബ്രാൻഡ് എന്നിവരുൾപ്പെടെ ലോകപ്രശസ്ത ചിത്രകാരുടെ മാസ്‌റ്റർപീസുകളടക്കം 1.25 ലക്ഷത്തിലധികം സൃഷ്ടികളാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്.
ഹോളിവുഡ് സൂപ്പർ താരവും മുൻ കലിഫോർണിയ മേയറുമായ അർനോൾഡ് ഷ്വാസ്‌നെഗറുടെ വസതിക്കും ഭീണിയുണ്ട്. തീ പടരുന്ന സാഹചര്യത്തിൽ ബ്രെന്റ്‌വുഡ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് നിർദേശം നൽകി. വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഡിസ്‌നി സിഇഒ ബോബ് ഇഗർ തുടങ്ങി നിരവധി പ്രശസ്തരുടെ വീടുകളും ബ്രെന്റ്‌വുഡിലെ മാൻഡെവിൽ കാന്യനിലുണ്ട്. ഞായറാഴ്ച ഹെലികോപ്ടർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കാറ്റ് വരുംദിവസങ്ങളിൽ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്.