തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അച്ഛന്റെ ആഗ്രഹപ്രകാരം 'സമാധി' ഇരുത്തിയ സംഭവത്തില്‍ വിചിത്രവാദങ്ങളുമായി മകന്‍ രാജസേനന്‍.
സമാധി ഇരിക്കാന്‍ ആവശ്യമായ കല്ല് അച്ഛന്‍ അഞ്ച് വര്‍ഷം മുന്‍പേ തന്നെ വാങ്ങിയിരുന്നെന്ന് മകന്‍ പറഞ്ഞു. സമാധി ആരും കാണാന്‍ പാടില്ലാത്തുകൊണ്ടാണ് ആരെയും അറിയിക്കാതിരുന്നത്. നാട്ടുകാര്‍ പറയുന്നതല്ല സത്യമെന്നും രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ടെന്നും കൊന്ന ശേഷം കുഴിച്ചുമൂടിയതാവാന്‍ സാധ്യതയുണ്ടെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
'സമാധി ഇരിക്കാന്‍ ആവശ്യമായ കല്ല് അച്ഛന്‍ അഞ്ച് വര്‍ഷം മുന്‍പേ തന്നെ വാങ്ങിയിരുന്നു. എനിക്ക് സമയമായി എന്ന് പറഞ്ഞ് ആ പീഠത്തില്‍ പോയി പത്മാസനത്തില്‍ ഇരിക്കുകയായിരുന്നു. പത്മാസത്തില്‍ ഇരുന്ന് അച്ഛന്‍ എന്നെ അനുഗ്രഹിച്ചു. എന്നിട്ട് അച്ഛന്‍ പ്രാണശക്തികളെല്ലാം ഉണര്‍ത്തി കുംഭകം ചെയ്ത് ബ്രഹ്മത്തിലേക്ക് ലയിക്കുകയായിരുന്നു. അത് ആരും കാണാന്‍ പാടില്ല. ഞാന്‍ ചെയ്തത് തെറ്റല്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. എന്നാല്‍ നാട്ടുകാര്‍ പറയുന്നത് അതല്ല' രാജസേനന്‍ പറഞ്ഞു.
രാവിലെ പതിനൊന്ന് മണിക്കാണ് അച്ഛന്‍ സമാധിയായത്. തുടര്‍ന്ന് ചേട്ടനെ വിളിച്ചറിച്ചു. പൂജാദ്രവ്യങ്ങളെല്ലാം വാങ്ങിച്ചുകൊണ്ടുവന്ന് പകല്‍ സമയത്ത് ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് എല്ലാ ചെയ്തത്. ഒന്നും മറച്ചുവെച്ചല്ല ചെയ്തത്. പത്ത് മണിക്കൂര്‍ കഴിഞ്ഞത് അനാഗതചക്രം ചെയ്തശേഷമാണ് നിമഞ്ജനം നടത്തിയത്. അച്ഛന്‍ സമാധിയായതോടെ ഇനി അങ്ങോട്ട് ഈ ക്ഷേത്രത്തിന് ഉയര്‍ച്ചയുണ്ടാകും. അതിനാണ് നാട്ടുകാര്‍ ഇതെല്ലാം പൊളിച്ചടുക്കുന്നത്. ക്ഷേത്രട്രസ്റ്റിന്റെ ഭാരവാഹികളാണ് ഇപ്പോള്‍ ഇതിന് പുറകില്‍. ഇനി മുതല്‍ ഈ ക്ഷേത്രത്തിന്റെ യോഗീശ്വരനാണ് അച്ഛന്‍. ഇനി അമ്പലം വളരുമെന്ന് എല്ലാവര്‍ക്കും അറിയാം. കുടുംബം ഈ ക്ഷേത്രം കൈയില്‍ വയ്ക്കാന്‍ പാടില്ലെന്നാണ് അവരുടെ വാദം.പുലര്‍ച്ചെയായതുകൊണ്ടാണ് വാര്‍ഡ് മെമ്പറെ അറിയിക്കാതിരുന്നത്' രാജസേനന്‍ പറഞ്ഞു.
എന്നാല്‍ ഗോപന്‍ സ്വാമിയെന്നയാള്‍ മരിച്ചതാണോ, അദ്ദേഹത്തെ കൊന്നാതാണോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാവിലെ ഫ്‌ലെക്‌സ് ബോര്‍ഡ് കണ്ടതിന് പിന്നാലെ വിവരം മെമ്പര്‍ അറിയിക്കുകയായിരുന്നു. വാര്‍ഡ് മെമ്പറാണ് വിവരം പൊലിസില്‍ നല്‍കിയത്.
സംഭവം വിവാദമായതിന് പിന്നാലെ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് 'അച്ഛന്‍ സമാധി'യായെന്ന് മക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത്. രണ്ട് ആണ്‍മക്കള്‍ ചേര്‍ന്ന് പിതാവ് ഗോപന്‍ സ്വാമിയെ കുഴിച്ചുമൂടിയ ശേഷം സ്മാരകം ഉണ്ടാക്കുകയായിരുന്നു. 'സമാധി'യായെന്ന് മക്കള്‍ പറയുന്നതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള പൊലിസിന്റെ നീക്കം.
മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കലക്ടറുടെ തീരുമാനം വന്നുകഴിഞ്ഞാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.