അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്. ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. ഗുണഭോക്താക്കള്‍ക്ക് ധാന്യങ്ങള്‍ നിഷേധിച്ചാല്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് വ്യാപാരികള്‍ നല്‍കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ സംവിധാനത്തെ വച്ച് വിലപേശുന്നു. ഇത് നാടിന് ഗുണം ചെയ്യില്ല. ഇന്നലെ വരെ 59 ലക്ഷം കുടുംബങ്ങള്‍ റേഷന്‍ വാങ്ങി. റേഷന്‍ വ്യാപാരികളോട് ഒന്നിലധികം തവണ ചര്‍ച്ച നടത്തി. എല്ലാ വിഷയങ്ങളിലും അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ക്ഷേമ നിധി ഭേദഗതി സര്‍ക്കാര് പരിഗണനയില്‍ ആണ്.റേഷന്‍ വ്യാപാരികള്‍ പണിമുടക്കില്‍ നിന്ന് പിന്മാറണം. സമരം ഉണ്ടായാല്‍ ഒരാള്‍ക്ക് പോലും ഭക്ഷ്യ ധാന്യം നിഷേധിക്കില്ല. ഭക്ഷ്യ ധാന്യം നല്‍കാതിരുന്നാല്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് ലൈസന്‍സികള്‍ നല്‍കേണ്ടിവരും. റേഷന്‍ കടയില്‍ ഇരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടേതാണ്. നല്‍കിയ സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിയും. പരാതികള്‍ പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് ഓഫീസില്‍ കണ്‍ട്രോള്‍റൂമുണ്ട് – മന്ത്രി വ്യക്തമാക്കി