കെപിസിസി നേതൃസ്ഥാനത്ത് അഴിച്ചുപണി സംബന്ധിച്ച് എഐസിസി ഉടൻ അന്തിമ തീരുമാനം എടുക്കും. കെ സുധാകരനെ പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയുള്ള പുനസംഘടനയാണ് നേതൃത്വത്തിന് മുന്നിലുള്ളത്.



കെപിസിസി നേതൃസ്ഥാനത്ത് അഴിച്ചുപണി സംബന്ധിച്ച് എഐസിസി ഉടൻ അന്തിമ തീരുമാനം എടുക്കും. കെ സുധാകരനെ പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയുള്ള പുനസംഘടനയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി കേരളത്തിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും നേതൃമാറ്റം എന്ന ആവശ്യമാണ് ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനുള്ള ശുപാർശ എ.ഐ.സി.സി നേതൃത്വത്തിന് നൽകുക. പ്രധാനമായും ആറു പേരുകളാണ് സുധാകരന് പകരം പരി​ഗണിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, എം എം ഹസൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരിൽ ഒരാൾ അടുത്ത കെപിസിസി പ്രസിഡന്റാകും എന്നാണ് സൂചന.

നിലവിലെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകൽച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തൽ ഹൈക്കമാൻഡിനുമുണ്ട്. പ്രധാന വിഷയങ്ങളിൽപ്പോലും കൂട്ടായ ചർച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതിൽ ഹൈക്കമാൻഡ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയത്. ഹൈക്കമാൻഡ് നിർദേശിച്ചാൽ ഒച്ചപ്പാടിനില്ലാതെ സ്ഥാനമൊഴിയുമെന്ന് സുധാകരൻ വ്യക്തമാക്കിയതോടെ നേതൃമാറ്റം പാർട്ടിക്കുള്ളിൽ കലാപത്തിന് വഴിയൊരുക്കില്ലെന്ന സാഹചര്യവും സംജാതമായി.

ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളിൽ സതീശൻ മുൻകൈയെടുക്കുന്നെന്ന പരാതിയും ഉയർന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻകൂർ തയ്യാറെടുപ്പ് നടത്തിയാൽ ജയിക്കാവുന്ന മണ്ഡലങ്ങൾ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങൾ സംശയത്തോടെ കണ്ടതിൽ സതീശനും പരിഭവമുണ്ട്. തുടർന്നാണ് സംയുക്ത പത്രസമ്മേളന നിർദേശം ഉപേക്ഷിച്ചത്. അതേസമയം, കെ.പി.സി.സി. പ്രസിഡന്റിന്റെ മാറ്റം, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച് പാർട്ടി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

കോൺഗ്രസിനായി തന്ത്രങ്ങൾ ഒരുക്കുന്ന സുനിൽ കനുഗേലുവും കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പകരം പേരുകൾ ഹൈക്കമാൻഡിന് സമർപ്പിച്ചിട്ടുണ്ട്. ദീപാ ദാസ്മുൻഷി മുൻപാകെയും പേരുകൾ ഉയർന്നിട്ടുണ്ട്. സാമുദായിക സന്തുലനം പാലിക്കുംവിധമാണ് പേരുകൾ നിർദേശിക്കപ്പെട്ടത്. ഇവയെല്ലാം വിലയിരുത്തിയാകും ഹൈക്കമാൻഡ് തീരുമാനത്തിലെത്തുക.

ദളിത് വിഭാഗത്തിൽ നിന്നുള്ള ദേശീയ നേതാവ് എന്നതും മികച്ച സംഘാടകൻ എന്നതുമാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെ പേര് പരി​ഗണിക്കാനുള്ള ഘടകങ്ങൾ. കെപിസിസി അധ്യക്ഷപദവിയിലേക്ക് പരി​ഗണിക്കപ്പെടാത്തതിന്റ പരിഭവം മുമ്പ് തുറന്നു പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, കെ. സുധാകരൻ മാറുന്നപക്ഷം ഈഴവ പ്രാതിനിധ്യം കൂടി കണക്കിലെടുത്താൽ അടൂർ പ്രകാശിനാകും നറുക്ക് വീഴുക. തിരഞ്ഞെടുപ്പ് മാനേജ്മെന്റിൽ മികവ് പുലർത്തുന്ന നേതാവ് എന്ന ഘടകവും അടൂർ പ്രകാശിന് സാധ്യത വർധിപ്പിക്കുന്നു.


എല്ലാ വിഭാഗങ്ങളെയും കൂട്ടിയിണക്കുന്നതിൽ മുതിർന്ന നേതാവ് എംഎം ഹസനുള്ള മികവാണ് അദ്ദേഹ​ത്തിന്റെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരി​ഗണിക്കാനുള്ള കാരണം. മുൻ പ്രസിഡന്റെന്ന അനുഭവപരിചയവും ഹസന് പ്ലസ് പോയിന്റാണ്. പാർട്ടിക്ക് നിർണായകമായ രണ്ട് തെരഞ്ഞെടുപ്പുകളെ നേരിടേണ്ട ഘട്ടത്തിൽ ഹസനെ പോലെ സീനിയറായ നേതാവാകണം അധ്യക്ഷനാകേണ്ടത് എന്ന വികാരമാണ് മുതിർന്ന നേതാക്കൾ എഐസിസി നേതൃത്വവുമായി പങ്കുവെച്ചിട്ടുള്ളത്. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിൽ ക്രിസ്ത്യൻ നേതാക്കളുടെ അഭാവമെന്ന പരാതി പരിഹരിക്കാൻ എഐസിസി തീരുമാനിച്ചാൽ കെപിസിസി പ്രസിഡന്റിന്റെ കസേരയിലേക്ക് ബെന്നി ബെഹനാൻ, സണ്ണി ജോസഫ്, ആന്റോ ആന്റണി എന്നിവരിൽ ഒരാളെത്തും.

أحدث أقدم