പുതുതായി നിര്‍മിക്കുന്ന വീട്ടിൽ ശുചിമുറിക്കായി കുഴിയെടുക്കുമ്പോള്‍ കണ്ടത് ചെങ്കല്‍ ഗുഹയും മഹാശിലായുഗത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തുക്കളും. പേരാമ്പ്ര ചേനോളി കളോളിപ്പൊയിലില്‍ ഒറ്റപ്പുരക്കല്‍ സുരേന്ദ്രന്‍ പുതുതായി പണിത വീടിനോട് ചേര്‍ന്നാണ് ചെങ്കല്‍ ഗുഹയും പുരാവസ്തുക്കളും കണ്ടെത്തിയത്. ചെങ്കല്‍ പാളികൊണ്ട് വാതില്‍ മൂടിയ നിലയില്‍ കണ്ടെത്തിയ ഗുഹ പരിശോധിച്ചപ്പോള്‍ രണ്ട് അറകളും ഉള്ളതായി കണ്ടെത്തി.
ശിലാപാളി നീക്കിയപ്പോഴാണ് ചെത്തിമിനുക്കി ട്യൂബ് ആകൃതിയില്‍ നിര്‍മിച്ച ഗുഹക്കുള്ളില്‍ മണ്‍ പാത്രങ്ങങ്ങളും ഇരുമ്പുപകരണങ്ങളും കണ്ടത്. തുടര്‍ന്ന് നൊച്ചാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും റിട്ട. അധ്യാപകനുമായ കെടി ബാലകൃഷ്ണന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുരാവസ്തു ഗവേഷകന്‍ പ്രൊഫ. കൃഷ്ണരാജും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. 2000 മുതല്‍ 2500ഓളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മൃതദേഹം സംസ്‌ക്കരിക്കാന്‍ നിര്‍മിച്ച ചെങ്കല്‍ ഗുഹയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.