മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി. സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ ബന്ധത്തിൻ്റെ പേരിലാണ് മുസ്ലിം ലീഗിനെതിരെ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചത്.
സുന്നി വിഭാഗം എക്കാലവും അകറ്റി നിർത്തിയവരാണ് ജമാഅത്തെ ഇസ്ലാമിയെന്ന് വിമർശിച്ച മുഖ്യമന്ത്രി ഇവർ യുഡിഎഫിനൊപ്പം ഇപ്പോൾ ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് പറഞ്ഞു. മുസ്ലിം ലീഗിന് അവരോട് വല്ലാത്ത പ്രതിപത്തിയാണ്. ഇത് അപകടകരമാണ്. മുസ്ലിം ലീഗ് വർഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയാണ്. ഭാവിയിൽ വർഗീയ ശക്തികൾ ലീഗിനെ തന്നെ വിഴുങ്ങുന്ന സ്ഥിതി വരും. ഈ രാഷ്ട്രീയം അപകടകരമെന്ന് മുസ്ലിം ലീഗ് മനസിലാക്കിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകും. നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാട്ടുന്നവരല്ല തങ്ങളെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.