മദ്യപരോട് കരുതൽ; കൂടുതല്‍ ബെവ്കോ ഷോപ്പുകൾ തുറക്കാന്‍ ഉദാരമനസുമായി സര്‍ക്കാര്‍; 100 എണ്ണം ഉടന്‍.. പാമ്പാടി, പുതുപ്പള്ളി ,മീനടം എന്നീ സ്ഥലങ്ങളും പരിഗണയിൽ


പിണറായി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം അവശേഷിക്കെ ബെവ് കോയുടെ മദ്യവില്‍പ്പന ശ്യംഖല വിപുലീകരിക്കാന്‍ തീരുമാനം. അടുത്ത മാസം 31ന് മുമ്പായി ബെവ്‌കോ നൂറോളം ഔട്ട് ലെറ്റുകള്‍ തുറക്കാനൊരുങ്ങുന്നു. 50 ലധികം ബാര്‍ ഹോട്ടലുകള്‍ക്കും അനുമതി നല്‍കിയെക്കുമെന്നാണ് എക്‌സൈസ് വകുപ്പില്‍ നിന്നുള്ള സൂചന. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനുള്ള വഴി തേടുന്നതിന്റെ ഭാഗമായാണ് പുതിയ ചില്ലറ വില്പന മദ്യശാലകള്‍ തുറക്കുന്നത്. പരമാവധി പണം ജനങ്ങളുടെ പക്കല്‍ നിന്ന് ഊറ്റിയെടുക്കാനുള്ള അക്ഷയപാത്രങ്ങളാണ് ബെവ് കോ ഔട്ട് ലെറ്റുകള്‍.
എലപ്പുള്ളിയില്‍ ഒയാസിസ് കമ്പിനി മദ്യ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനെ ചൊല്ലി വിവാദം കത്തി നില്‍ക്കുന്നതിനിടയിലാണ് പുതിയതായി മദ്യവില്പന കേന്ദ്രങ്ങളും ബാര്‍ ഹോട്ടലുകളും വ്യാപകമായി ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരാണ് വ്യാപകമായി ചില്ലറ വില്പന കേന്ദ്രങ്ങളും ബാര്‍ ഹോട്ടലുകളും തുറക്കാന്‍ അനുമതി നല്ക്കുന്നത്. മദ്യ നിരോധനമല്ല, മദ്യ വര്‍ജ്ജനമാണ് ഇടത് മുന്നണിയുടെ നയമെന്നാണ് പ്രകടന പത്രികയിലും പിന്നിട് സര്‍ക്കാരിന്റെ നയവുമായി മാറിയത്. പക്ഷേ, മദ്യവര്‍ജ്ജനം പ്രോത്സാഹിപ്പിക്കുന്ന ഒരു നയവും സര്‍ക്കാര്‍ നടപ്പാക്കിയില്ലെന്ന് മാത്രമല്ല, മദ്യം കൂടുതല്‍ വിറ്റുപോകാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ്. വ്യാപകമായി മദ്യശാലകള്‍ തുറന്നു കൊടുക്കുന്നതില്‍ ഉദാര സമീപനങ്ങളാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി സ്വീകരിച്ചു പോന്നത്.
വിനോദ – ടൂറിസം കേന്ദ്രങ്ങളുടെ മറവിലാണ് ഇപ്പോള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ തയ്യാറെടുക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ബിവറജസ് കോര്‍പ്പറേഷന്റെ 278 ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനും പുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ 45 ഔട്ട് ലെറ്റുകളും മദ്യവില്പന നടത്തുന്നുണ്ട്. ഇതു കൂടാതെ 1000 ത്തോളം ബാര്‍ ഹോട്ടലുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

വിലകൂടിയ മദ്യയിനങ്ങളുടെ വില്പനയ്ക്കായി ബെവറജസ് കോര്‍പ്പറേഷന്‍ നാല് സൂപ്പര്‍ പ്രീമിയം വില്പനകേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനമായിരുന്നു. തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം, കുമരകം എന്നിവിടങ്ങളിലാണ് പുതിയ വില്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ കഴിഞ്ഞ നവംബറില്‍ തീരുമാനിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങളും വിദേശ നിര്‍മ്മിത വിദേശ മദ്യങ്ങള്‍, വൈന്‍, ബീയര്‍ എന്നിവയൊക്കെ ലഭ്യമാക്കുന്ന വിധത്തിലാണ് സൂപ്പര്‍ സ്റ്റോര്‍ തയ്യാറാക്കുന്നത്..
അതേസമയം പാമ്പാടി, പുതുപ്പള്ളി ,മീനടം എന്നീ സ്ഥലങ്ങളും പരിഗണയി ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്ത് വരുന്നുണ്ട് ,ഈ സ്ഥലങ്ങളിൽ വാടക കെട്ടിടങ്ങൾ അന്യേഷിച്ച് വരുന്നു 


أحدث أقدم