കൂരോപ്പടയിൽ വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് സ്വർണ്ണവും പണവും കവർന്നു.നഷ്ടമായത് 10 പവൻ സ്വർണ്ണവും പതിനായിരം രൂപയും.


കൂരോപ്പട : വീട്ടുകാർ പള്ളിയിലെ പ്രദക്ഷിണത്തിന് പോയപ്പോൾ മോഷണം ; വിമുക്തഭടന് നഷ്ടമായത് 10 പവൻ സ്വർണ്ണവും പതിനായിരം രൂപായും. വിമുക്ത ഭടനായ കൂരോപ്പട തോണിപ്പാറ ഉറുമ്പിൽ പുത്തൻപുരയിൽ പി.എസ് ജോണിന്റെ വസതിയിൽ നിന്നാണ് സ്വർണ്ണവും പണവും നഷ്ടപ്പെട്ടത്. ശനിയാഴ്ച ഇടയ്ക്കാട്ടുകുന്ന് പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായുള്ള പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ ജോണും കുടുബാംഗങ്ങളും പോയപ്പോളാണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ പിന്നിലുടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. പിൻവാതിൽ തകർത്തിട്ടുണ്ട്. മുറികളിലെ അലമാരകൾ കുത്തി തുറന്നിട്ടുണ്ട്. മുറികളിൽ എല്ലാം പണത്തിന് വേണ്ടി തിരച്ചിലും നടത്തിയിട്ടുണ്ട്. വൈകിട്ട് ഏഴിനാണ് ജോണും കുടുംബവും പള്ളിയിൽ പോയത്. രാത്രി 11 ന് ആണ് ഇവർ തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി അനിൽകുമാർ, പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, പാമ്പാടി എസ്.ഐ ശാന്തി. കെ ബാബു എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ഗോപി ഉല്ലാസ്, റ്റി.ജി മോഹനൻ തുടങ്ങിയവർ സ്ഥലത്തെത്തി.
أحدث أقدم