യുകെയില്‍ ജീവിതം തേടിയെത്തിയ മലയാളി നഴ്സിന് 16 വര്‍ഷം ജയില്‍ ശിക്ഷ. രണ്ടു മക്കള്‍ക്ക് വിഷം കൊടുത്തു ആത്മഹത്യയ്ക്ക് ശ്രമിച്ചതാണു കേസ്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ 39 കാരിയാണു പ്രതി.
പ്രതി യുവതിയാണ്. കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. പക്ഷേ, പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കോടി അനുമതിയില്ല. പേര് വെളിപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണം എന്നു യുവതി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 7-ാം തീയതി നടന്ന സംഭവം യുകെ മലയാളി സമൂഹത്തിനിടയില്‍ കടുത്ത ഞെട്ടലുളവാക്കിയിരുന്നു. രണ്ട് കൊലപാതകശ്രമങ്ങളും ജീവന്‍ അപകടപ്പെടുത്താനോ ഗുരുതരമായ ശാരീരിക ഉപദ്രവമുണ്ടാക്കാനോ ഉദ്ദേശിച്ച് വിഷം നല്‍കിയതും ഉള്‍പ്പെടെ ഗുരുതരമായ കുറ്റങ്ങള്‍ ആയിരുന്നു യുവതിയുടെ മേല്‍ ചുമത്തപ്പെട്ടത്. ഈസ്റ്റ് സസെക്‌സിലെ ഉക്ക്ഫീല്‍ഡിലെ ഹണ്ടേഴ്സ് വേയിലുള്ള കുടുംബത്തിന്റെ വീട്ടിലാണ് സംഭവം നടന്നത്.
2024 ഫെബ്രുവരിയില്‍ ആയിരുന്നു സംഭവം. പതിമൂന്നും എട്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് കൂടിയ അളവില്‍ മരുന്ന് നല്‍കി യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.യുവതിയുടെ രണ്ടു മക്കളും ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്. ഭര്‍ത്താവുമായുള്ള പിണക്കമാണ് വൈരാഗ്യ ബുദ്ധിയോടെ കടുംകൈക്ക് യുവതിയെ പ്രേരിപ്പിച്ചതെങ്കിലും സംഭവ സമയം നാട്ടില്‍ ആയിരുന്നു ഭര്‍ത്താവ്.
സംഭവ ദിവസം അമ്മയും മക്കളും ഒരേ ബെഡില്‍ കിടന്നാണ് ഓവര്‍ ഡോസില്‍ ഗുളികകള്‍ കഴിച്ചത്. കുട്ടികളോട് പാനിയത്തിനൊപ്പം ഗുളികകള്‍ കഴിക്കുവാന്‍ യുവതി ആവശ്യപ്പെടുക ആയിരുന്നു. പെയിന്‍ കില്ലറുകള്‍, ആന്റി ഡിപ്രസന്റ, ഉറക്ക ഗുളികള്‍ എന്നിവയെല്ലാം ചേര്‍ത്താണ് മൂവരും കഴിച്ചത്. എന്നാല്‍ ജീവനെടുക്കാന്‍ പാകത്തില്‍ ഗുളികകള്‍ ഇല്ലാതെ പോയതാണ് യുവതി നടത്തിയ ശ്രമം പാളാന്‍ ഇടയായത്. ആത്മഹത്യാ ശ്രമത്തിന് പിന്നാലെ നാട്ടില്‍ ഉള്ള സഹോദരനോട് യുവതി നടത്തിയ വെളിപ്പെടുത്തലാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്. സഹോദരന്റെ സമയോചിതമായ ഇടപെടലില്‍ പാരാമെഡിക്കലുകള്‍ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.