അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ വിഐപി ദർശനം വാഗ്ദാനം ചെയ്ത് 1.8 ലക്ഷം രൂപയുടെ തട്ടിപ്പ്. മഹാരാഷ്ട്രയിൽ നിന്നുള്ള കവിതാ ഷെട്ടിയെന്ന തീർഥാടക നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സുരേഷ് ആചാര്യ എന്നയാളാണ് മുംബൈയിൽ നിന്നും അയോധ്യയിലേക്കുള്ള യാത്രയും വിഐപി ദർശനത്തിനും അടക്കം1.8 ലക്ഷം രൂപ ആവശ്യപ്പെട്ടത്. വിഐപി ദർശനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് തീർഥാടക പരാതി നൽകിയത്. എന്നാൽ ഇയാൾ അംഗീകൃത ഗൈഡ് പോലുമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അതേ സമയം ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതിനായി കിലോമീറ്ററിന് 100 രൂപ എന്ന കണക്കിൽ അന്യായമായി പണം വാങ്ങി എന്ന കേസും ക്ഷേത്രവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ മുപ്പതു ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു. മഹാകുംഭമേള ആരംഭിച്ചതിനു പിന്നാലെ അയോധ്യയിൽ തീർഥാടകരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. അതിനാൽ തന്നെ ടൗണിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യമാണ് ഒരു സംഘം യുവാക്കൾ ദുരുപയോഗപ്പടുത്തിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ തീർഥാടകരിൽ നിന്ന് കിലോമീറ്ററിന് 100 രൂപ മുതൽ 300 വരെ എന്ന കണക്കിൽ ചാർജ് ഈടാക്കി ബൈക്കുകളിൽ എത്തിക്കുന്നുവെന്ന് കാണിച്ച് പ്രദേശവാസികളാണ് പരാതി ഉയർത്തിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.