കുവൈറ്റ്സിറ്റി : ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ നിയമത്തിൽ ട്രാഫിക് പിഴകൾ വർധിപ്പിക്കുന്നതിൻ്റെ പ്രധാന ലക്ഷ്യം ജനങ്ങളിൽ നിന്ന് പണം പിരിക്കുകയല്ല, ജീവൻ സംരക്ഷിക്കുകയാണെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വാര സമിതി 2025 തലവൻ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ.
നിയമമോ റോഡുകളോ അടക്കമുള്ള മറ്റ് ഘടങ്ങളേക്കാൾ കുവൈത്തിലെ ട്രാഫിക് നിയമലംഘനങ്ങൾ പ്രാഥമികമായി പെരുമാറ്റ പ്രശ്‌നമാണ്.പുതിയ നിയമം ഡ്രൈവർമാരെ നിയമലംഘനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ലക്ഷ്യമിടുന്നു, അതുകൊണ്ടാണ് പിഴയും വർധിപ്പിച്ചത്. പ്രത്യേകിച്ചും ഈ ലംഘനങ്ങളുടെ തോത് വർധിച്ചതിൻ്റെ വെളിച്ചത്തിൽ പിഴ കൂട്ടാൻ നിർബന്ധിരാവുകയായിരുന്നു. ഡ്രൈവർമാർ ചെയ്യുന്ന ഏറ്റവും സാധാരണമായ ലംഘനം വേഗ പരിധി പാലിക്കാത്തതാണ്. കഴിഞ്ഞ വർഷം രണ്ട് ദശലക്ഷം നിയമ ലംഘനങ്ങൾ കവിഞ്ഞു. ചുവപ്പ് സിഗ്നൽ പാലിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയയാണ് പിന്നാലെയുള്ളത്. വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാലോ ഹാൻഡ്‌ഹെൽഡ് ഉപകരണം ഉപയോഗിച്ചാലോ 75 കുവൈത്തി ദിനാർ പിഴ ചുമത്തുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.കൂടുതൽ ഗുരുതരമായ കേസുകളിൽ, ലംഘനം കോടതിയിലേക്ക് റഫർ ചെയ്യും. കുറ്റവാളികൾക്ക് മൂന്ന് മാസം വരെ തടവ് ലഭിക്കുന്ന കുറ്റമാണിത്. 150 നും 300 കുവൈത്തി ദിനാറിനും ഇടയിലുള്ള പിഴയും ചുമത്തപ്പെടും. ചിലപ്പോള്‍ തടവും പിഴയും ഒരുമിച്ച് ലഭിക്കുമെന്നും ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.