ആനുകൂല്യം പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. വെള്ളിയാഴ്ചവരെയായിരുന്നു കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ കാലാവധി. മാര്‍ച്ച് ഒന്നുമുതല്‍ ഒരുമാസം നിക്ഷേപസമാഹരണ യജ്ഞം നടത്തുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേരള ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് സി-യില്‍നിന്ന് ബി-യിലേക്ക് ഉയര്‍ത്തിയെന്നും മന്ത്രി അറിയിച്ചു. 2023-24 വര്‍ഷത്തെ പരിശോധനയ്ക്കുശേഷമാണ് നടപടി. ബാങ്കിന്റെ ചരിത്രത്തിലാദ്യമായി 50000 കോടി രൂപയ്ക്കുമുകളില്‍ വായ്പ നല്‍കി. കേരളത്തില്‍ ആകെ അഞ്ച് ബാങ്കുകള്‍ക്കു മാത്രമാണ് ഈ നേട്ടം കൈവരിക്കാനായത്.
സഞ്ചിതനഷ്ടം പൂര്‍ണമായും നികത്തി നിഷ്‌ക്രിയ ആസ്തി ആര്‍.ബി.ഐ. മാനദണ്ഡപ്രകാരം ഏഴു ശതമാനത്തിനു താഴെയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്. മൊബൈല്‍ അധിഷ്ഠിത ബാങ്കിങ് ഉള്‍പ്പെടെ നവീകരിക്കും. ഇവ പൂര്‍ത്തിയാകുന്നതോടെ പ്രവാസിനിക്ഷേപം സ്വീകരിക്കാനുള്ള ലൈസന്‍സ് റിസര്‍വ് ബാങ്ക് നല്‍കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.