ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്‍റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്‍റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങൾ കേരളത്തിൽ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേർക്ക് തൊഴിൽ അവസരം. അഞ്ച് വർഷം കൊണ്ട് 5000 കോടി നിക്ഷേപം നടത്തും. കളമശ്ശേരിയിൽ ഭക്ഷ്യസംസ്ക്കരണ യൂണിറ്റ് നിർമിക്കും
ലുലുവിൻറെ ഐടി ടവർ മൂന്ന് മാസത്തിനകം തുടങ്ങും. 25,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് എം എ യൂസഫലി വ്യക്തമാക്കി. രണ്ടാം ദിവസത്തിലേക്ക് കടന്ന ഉച്ചകോടിയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് കേരളത്തെ തേടിയെത്തുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. തുറമുഖ ലോജിസ്റ്റിക് മേഖലയിലാണ് നിക്ഷേപം നടത്തുകയെന്ന് ഗ്രൂപ്പ് ചെയർമാൻ ഷറഫുദ്ദീൻ ഷറഫ് പറഞ്ഞു. നൂറു ടണ്ണിന് താഴെയുള്ള ബോട്ടുകളുടെ നിർമാണ യൂണിറ്റ് തുടങ്ങുമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ പ്രഖ്യാപനം. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ മലബാർ സിമന്റ്സ് വാടകയ്‌ക്ക് എടുത്ത സ്ഥലത്തായിരിക്കും യൂണിറ്റ്. അദാനി, ആസ്റ്റർ ഗ്രൂപ്പുകൾ ഇതിനകം വമ്പൻ നിക്ഷേപങ്ങളാണ് പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പ് 30000 കോടിയുടെ നിക്ഷേപം നടത്തും. ഇതില്‍ വിഴിഞ്ഞത്ത് 20,000 കോടിയുടെ അധിക നിക്ഷേപമെത്തും. 5000 കോടിയുടെ ഇ കൊമേഴ്സ് ഹബ് പദ്ധതിയും തുടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തില്‍ 5000 കോടിയുടെ വികസന വാഗ്ദാനമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 3000 കോടിയും ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 850 കോടിയുടെ നിക്ഷേപവും പ്രഖ്യാപിച്ചു